NEWS

മഴക്കാലത്തെ അപകടങ്ങൾ ഒഴിവാക്കാം; ഇത് വായിക്കാതെ പോകരുത്

മുങ്ങി മരണം, വാഹനാപകടങ്ങള്‍, വൈദ്യുതാഘാതം ഇവയാണ് മഴക്കാലത്ത് ഏറ്റവും സൂക്ഷിക്കേണ്ടത്.നദിയും തോടുമൊക്കെ കരകവിഞ്ഞ് കിടക്കുമ്പോള്‍ മൂടപ്പെടാത്ത മാന്‍ഹോളുകള്‍, ഓടകള്‍, കുഴികള്‍ എന്നിവ തിരിച്ചറിയാന്‍ പ്രയാസം ഉണ്ടാവാം.
മഴക്കാല പൂര്‍വ്വ ”ചെക്ക് അപ്പ്” നിങ്ങളുടെ വാഹനങ്ങള്‍ക്ക് കൊടുക്കുന്നത് ഉചിതമാണ്. ബ്രെയ്ക്ക്, വിന്‍ഡ് ഷീല്‍ഡ്കള്‍, വൈപ്പര്‍, ടയറുകള്‍, ഹെഡ് ലൈറ്റ് ഹോണ്‍ എന്നിവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പു വരുത്തുക.കനത്ത മഴയത്ത് വാഹനങ്ങളുടെ ബ്രേക്കിങ്് കുറയാന്‍/ തെന്നാന്‍ ഒക്കെ സാധ്യത വളരെ കൂടുതലാണെന്നത് മറക്കരുത്.മഴയത്ത് കാഴ്ച്ചയില്‍ ഉണ്ടാകാവുന്ന കുറവും അപകടങ്ങള്‍ക്കു കാരണമാവും.

മഴക്കാലത്ത് അപകട സാധ്യത കൂടുന്നതിനാൽ
പാരപ്പറ്റ്  ഇല്ലാത്ത കിണറിന്റെ അടുത്തേക്ക് പോകുന്നത് ഒഴിവാക്കുക
കിണറുകളുടെ  അടുത്തേക്ക് കുട്ടികൾ പോകുന്നില്ല എന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തുക.
കെട്ടിടങ്ങളിൽ എവിടെയെങ്കിലും വിള്ളൽ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുക
ഒഴുക്കുള്ള വെള്ളത്തിൽ ഇറങ്ങാനുള്ള ആവേശം ഒഴിവാക്കുക.
പുഴയിലോ കായലിലോ ഉള്ള കുളി ഒഴിവാക്കുക .
വലിയ മരങ്ങൾക്ക് അടുത്ത് നിൽക്കുന്നത് ഒഴിവാക്കുക.
മരങ്ങളുടെ കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുക
ഈർപ്പം നിലനിൽക്കുന്നതിനാൽ വൈദ്യുത ഉപകരണങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക.
ചെറുതായി നനഞ്ഞ അവസ്ഥയുണ്ടെങ്കിൽ ഫോൺ ചാർജ് ചെയ്യാൻ പാടുള്ളതല്ല.
ടൂവീലറുകളിൽ കുട നിവർത്തി പിടിച്ചു പോകുമ്പോൾ ശ്രദ്ധിക്കണം.
ഒരു ഉല്ലാസ വേള ആയി കരുതി വെള്ളം പൊങ്ങിയിരിക്കുന്ന പ്രദേശങ്ങള്‍ കാണാനും, ”വെള്ളത്തില്‍ കളിക്കാനും” ഇറങ്ങുന്നത് സ്വയം അപകടം വിളിച്ചു വരുത്തുന്നതും മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കുന്നതുമായ പ്രവര്‍ത്തി ആയിരിക്കും. ദയവു ചെയ്തു ഒഴിവാക്കുക…….
 വെള്ളപ്പൊക്ക സമയത്തെ ഒരു പ്രധാന കാഴ്ചയാണ് നദികളിൽ കൂടി ഒഴുകിവരുന്ന തടിപിടുത്തം.മഴക്കാലത്ത് മണ്ണിടിച്ചിലിലും മറ്റും കാട്ടിൽ നിന്ന് ധാരാളം തടികൾ ഒഴുകിയെത്താറുണ്ട്.നദികളിലെ അടിയൊഴുക്ക് പ്രവചനാതീതമാണ്.സാഹസികതയ്ക്ക് മുതിർന്ന് അത് വീടിനും നാടിനും തോരാക്കണ്ണീരാകാതിരിക്കാനുള്ള ഉത്തരവാദിത്ത്വം പുലർത്തുക.
അതേപോലെ മറ്റൊന്നാണ് മീൻപിടിത്തം.വെറുതെ ഒരു രസത്തിനോ ആഹാരത്തിനായോ കച്ചവടത്തിനായോ ഒക്കെ ഇറങ്ങിപ്പുറപ്പെടുന്നവരാണിവർ.നദികളിലെയായാലും മറ്റ് ജലാശയങ്ങളിലെ ആയാലും വെള്ളത്തിന്റെ അളവും ആഴവും പലപ്പോഴും നിങ്ങളുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറമായിരിക്കും.അതിലുപരിയാണ് മഴക്കാലത്ത് വന്നടിയുന്ന ചേറും മണലും.കഴിഞ്ഞ ദിവസം പത്തനംതിട്ട മല്ലപ്പള്ളിക്ക് സമീപം വെണ്ണിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേരാണ് മരിച്ചത്.കാർ തോട്ടിലെ ചെളിയിൽ പുതഞ്ഞുപോയത് കാരണം ഉയർത്താൻ വൈകിയതാണ് മൂന്നുപേരുടെയും ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്.നൂറുകണക്കിന് നാട്ടുകാർ ഇരുപത് മിനിറ്റോളം ശ്രമിച്ചിട്ടും നടക്കാതായതോടെ അവസാനം ക്രെയിൻ എത്തിച്ചാണ് കാർ ഉയർത്തിയത്.അപ്പോഴേക്കും കാറിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചിരുന്നു.
അടുത്തത് വെള്ളം കാണാനെത്തുന്നവരുടെ കൂട്ടമാണ്.ഒരിക്കലും വെള്ളം കണ്ടിട്ടില്ലാത്തവരെപ്പോലെയാണ് മഴക്കാലത്ത് നദികളുടെയും തോടുകളുടെയും കരയിൽ ജനം തടിച്ചുകൂടുന്നത്.കാലൊന്ന് തെറ്റിയാൽ തൊട്ടടുത്ത് കാലൻ കാത്തിരിക്കുന്നുണ്ടെന്ന് ഓർക്കുക.
കാലവർഷക്കെടുതിയുടെ ഭാഗമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്.പാടങ്ങളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണുള്ള അപകടങ്ങൾ പതിവാണ്.അതിനാൽ പാടങ്ങളിലും മറ്റും മീൻ പിടിക്കാനോ കന്നുകാലികളെ തീറ്റാനോ ഇറങ്ങാതിരിക്കുക.ഇത്തരത്തിൽ പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണം.
ഉരുൾപൊട്ടൽ പോലെയുള്ള ദുരന്ത മേഖലയിലേക്കുള്ള ‘സന്ദർശനത്തിരക്കും’ ഒഴിവാക്കേണ്ടതാണ്.ഇത് രക്ഷാപ്രവർത്തനത്തേയും മറ്റും സാരമായി ബാധിക്കും
അതേപോലെ മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിലെ സന്ദർശനവും ഒഴിവാക്കേണ്ടതാണ്.കഴിഞ്ഞ ദിവസം കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ അഞ്ചു പേരാണ് ഒഴുക്കിൽപ്പെട്ടത്.ഇതിൽ മൂന്നു പേർ മരിക്കുകയും ചെയ്തു.സമാനമായ സംഭവം അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലും സംഭവിച്ചു.ഇവിടെ ഒരാളാണ് മരിച്ചത്.അപ്രതീക്ഷിതമായി ഒഴുക്കുവെള്ളത്തിന്റെ ശക്തി വർദ്ധിച്ചതായിരുന്നു കാരണം.
മലയും മലയാളവും മാത്രമല്ല നൂറുകണക്കിന് വെള്ളച്ചാട്ടങ്ങൾ കൂടി ചേര്‍ന്നതാണ് കേരളം.പ്രത്യേകിച്ച് മഴക്കാലത്ത്.മഴ മണ്ണിനെ അനുഗ്രഹിച്ചു കഴിഞ്ഞാൽ ഒഴുക്കുവെള്ളത്തിന്റെ മുടിയാട്ടം തുടങ്ങും.പാറക്കെട്ടുകളിൽ വന്യമായ താളങ്ങളു‍ടെ ജലതരംഗങ്ങൾ തീർത്ത് അവ പതഞ്ഞൊഴുകും, ചിലപ്പോൾ വെള്ളനുര ചിതറി.മഴയുടെ പിന്നണിയുണ്ടേൽ നിറഭേദങ്ങളോടെ…..

മൺസൂൺ മണ്ണിനെ തൊടുമ്പോൾ മെലിഞ്ഞുണങ്ങിയ നീരുറവകൾ നിറഞ്ഞൊഴുകും.കേരളം അപ്പോൾ വെള്ളച്ചാട്ടങ്ങളുടെ സ്വന്തം നാടാകും.കാഴ്ചയിൽ പാൽനുര ചിതറി ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ അതിലേക്ക് ഇറങ്ങാൻ മനസ്സിനെ ക്ഷണിക്കും. എന്നാൽ ഒഴുക്കുവെള്ളത്തിന്റെ ശക്തി പ്രവചനാതീതമാണ്.വെള്ളച്ചാട്ടങ്ങൾ കാണാനുള്ളതാണ്. പ്രകൃതിയിലലിഞ്ഞ് പുതിയൊരു ഊർജം നേടാനുള്ള അവസരം.സാഹസികതയ്ക്ക് മുതിർന്ന് അത് വീടിനും നാടിനും തോരാക്കണ്ണീരാകാതിരിക്കാനുള്ള ഉത്തരവാദിത്തം ഓരോ യാത്രികനുമുണ്ടെന്ന ഓർമ്മപ്പെടുത്തലോടെ….
സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നാം കാണിക്കുന്ന വിമുഖതയ്ക്ക് ജീവന്‍ വില കൊടുക്കേണ്ടി വരുന്നതാണ് ഏറ്റവും സങ്കടകരം. അല്പം കരുതല്‍ ഉണ്ടായിരുന്നു എങ്കിൽ നമുക്ക് പല അപകടങ്ങളും ഒഴിവാക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: