CrimeNEWS

ഇരുപതിലധികം ആഡംബര ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ചുവിറ്റു; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പ്പെട്ട നാലംഗസംഘം പിടിയില്‍

കരുനാഗപ്പള്ളി: കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഒട്ടേറെ ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച നാലുപേരെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വെസ്റ്റ് തൃക്കടവൂര്‍ കുരീപ്പുഴ വിളയില്‍ കിഴക്കതില്‍ സിജു (19), കുരീപ്പുഴ ജിജി ഭവനത്തില്‍ ആദര്‍ശ് (19) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുമാണ് അറസ്റ്റിലായത്. കൊല്ലം നഗരപരിധിയില്‍നിന്നുമാത്രം ഇരുപതിലധികം ഇരുചക്രവാഹനങ്ങള്‍ ഇവര്‍ മോഷ്ടിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പുതുതലമുറ ഇനത്തില്‍പ്പെട്ട ആഡംബര ബൈക്കുകളാണ് സംഘം മോഷ്ടിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൂട്ടുപിടിച്ചാണ് മോഷണം നടത്തിവന്നത്.

അതിവിദഗ്ധമായി മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളും സ്‌കൂട്ടറുകളും കുറച്ചുനാള്‍ ഉപയോഗിച്ചശേഷം ആളൊഴിഞ്ഞ കായല്‍ത്തീരത്തും പറമ്പുകളിലുമെത്തിച്ച് പൊളിച്ചുവില്‍ക്കുകയാണ് ഇവരുടെ രീതിയെന്നും പോലീസ് പറഞ്ഞു.
അഞ്ചാലുംമൂടുഭാഗത്തുള്ള ആക്രിക്കടയിലാണ് ഇവര്‍ വാഹനങ്ങളുടെ ഭാഗങ്ങള്‍ വിറ്റിരുന്നതെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരില്‍നിന്നു കണ്ടെടുത്ത ഒരു ബൈക്കിന്റെ പെട്രോള്‍ ടാങ്കും മറ്റു ഭാഗങ്ങളും ഇളക്കിമാറ്റിയനിലയിലായിരുന്നു.

രണ്ടാഴ്ചമുമ്പ് കരുനാഗപ്പള്ളിയിലെ ഒരു വീടിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് മതില്‍ ചാടിക്കടന്നശേഷം പൂട്ടുപൊളിച്ചു മോഷ്ടിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ആലപ്പുഴ, കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതികള്‍ ബൈക്കുകള്‍ മോഷ്ടിച്ചുകൊണ്ടുപോയതായും അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

കായംകുളം താലൂക്ക് ആശുപത്രിക്ക് സമീപത്തുനിന്ന് ഒരാഴ്ചമുമ്പ് കാണാതായ ബൈക്കും ഇവരില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എസ്.ഐ.മാരായ അലോഷ്യസ് അലക്സാണ്ടര്‍, ശ്രീകുമാര്‍, എ.എസ്.ഐ.മാരായ നൗഷാദ്, നിസാമുദ്ദീന്‍, സി.പി.ഒ.മാരായ ഹാഷിം, സിദ്ദിഖ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

 

Back to top button
error: