തൃശ്ശൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്ത തൃശ്ശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍.
ശക്തമായ മഴ തുടരുന്നത് കണക്കിലെടുത്ത് രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികളുടെ സംഘം ചാലക്കുടിയിലേക്ക് പുറപ്പെടും.
മൂന്ന് ബോട്ടുകളുമായി 12 പേരടങ്ങുന്ന സംഘത്തോട് ചാലക്കുടിയിലേക്ക് തിരിക്കാനാണ് ഫിഷറീസ് വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയിലാണ് മത്സ്യത്തൊഴിലാളികളെ എത്തിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 153 മില്ലിമീറ്റര്‍ മഴയാണ് തൃശ്ശൂരില്‍ ലഭിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയതത് ഏനാംമാക്കലിലാണ്. വെറ്റിലപ്പാറ, മതിലകം എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.
ഇതുവരെ ഇരുന്നൂറോളം ആളുകളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. വനമേഖലകളിലും തീരപ്രദേശങ്ങളിലും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മലക്കപ്പാറ, വാല്‍പ്പാറ ഭാഗങ്ങളിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ബോട്ടുകളുമായി എത്തുന്ന മത്സ്യത്തൊഴിലാളികളെ ചാലക്കുടി മേഖലയില്‍ വിന്യസിക്കും.