KeralaNEWS

ഒരാള്‍ക്കുകൂടി മങ്കിപോക്‌സ്; സംസ്ഥാനത്ത്  രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. യു.എ.ഇയില്‍നിന്ന് എത്തിയ മുപ്പതുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ മലപ്പുറത്ത് ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.

ജൂലൈ 27ന് കോഴിക്കോട് എയര്‍പോര്‍ട്ട് വഴിയാണ് മുപ്പതുകാരനായ യുവാവ് എത്തിയത്. ഇയാളുമായി സമ്പര്‍ക്കമുള്ള അച്ഛന്‍, അമ്മ, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി

Signature-ad

അതേസമയം, തൃശൂരില്‍ യുവാവിന്റെ മരണം മങ്കിപോക്‌സെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 20 പേര്‍ക്കും നിലവില്‍ രോഗ ലക്ഷണങ്ങളില്ല. ഇവരെ നിരീക്ഷിക്കാന്‍ ആശാ വര്‍ക്കര്‍മാരുടെയും, തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടേയുംപ്രത്യേക ടീം തയ്യാറാക്കിയിട്ടുണ്ട്. സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. അതേസമയം, മങ്കിപോക്‌സ് ഫലം പോസിറ്റീവാണെന്ന് അറിഞ്ഞിട്ടും കുടുംബം മറച്ചുവച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഉന്നതതല അന്വേഷണം തുടരുകയാണ്.

രാജ്യത്ത് കേരളത്തിലാണ് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്ന് വന്ന കൊല്ലം സ്വദേശിയായ 35 കാരനാണ് ആദ്യം രോഗം സ്ഥീരികരിച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാജ്യത്തെ ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായതോടെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

അതിനിടെ, രാജ്യത്തെ മങ്കി പോക്സ് വ്യാപനം നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ദൗത്യസംഘത്തെ നിയോഗിച്ചു. നിതി ആയോഗ് അംഗം വി കെ പോള്‍ പ്രത്യേക സംഘത്തെ നയിക്കും. ദൗത്യ സംഘം കേരളത്തിലേതുള്‍പ്പെടെയുള്ള സ്ഥിതി പഠിച്ച ശേഷമാകും ആരോഗ്യ മന്ത്രാലയം തുടര്‍ നടപടികള്‍ സ്വീകരിക്കുക.

 

Back to top button
error: