ന്യൂഡല്‍ഹി: കേരളത്തില്‍ 2018 ലെ മഹാപ്രളയത്തിനു സമാനമായ സ്ഥിതി നിലനില്‍ക്കുന്നില്ലെന്നും എന്നാല്‍, അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സീനിയര്‍ ശാസ്ത്രജ്ഞന്‍ ആര്‍.ജെ ജനമണി. തീവ്രപ്രളയത്തിന് സാധ്യതയില്ലെങ്കിലും എല്ലാ ജാഗ്രതയും പുലര്‍ത്തണമെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തിലും കര്‍ണാടകത്തിലും ലക്ഷദ്വീപിലുമാണ് കാലവര്‍ഷം വളരെ സജീവമായി തുടരുന്നത്. സംസ്ഥാനത്ത് അടുത്ത 72 മണിക്കൂര്‍ വ്യാപകവും അതിശക്തവുമായ മഴയുണ്ടാവാനുള്ള സാധ്യതയാണുള്ളത്. വിവിധ മുന്നറിയിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഓഗസ്റ്റ് നാല് വരെ 11 ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമഴയ്ക്കാണ് സാധ്യതയുള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.