IndiaNEWS

വിമാന ഇന്ധനവില മൂന്നാമതും കുറച്ചു; ഇത്തവണ കുറച്ചത് 12 ശതമാനം: യാത്രാനിരക്ക് കുറയുമോയെന്ന് കണ്ടറിയണം!

ദില്ലി: രാജ്യാന്തര എണ്ണവിലയിലെ ഇടിവിനെ തുടര്‍ന്ന് വിമാന ഇന്ധനത്തിന്റെ വിലയില്‍ 12 ശതമാനം കുറവുവരുത്തി പൊതുമേഖലാ എണ്ണക്കമ്പനികള്‍. ദില്ലിയില്‍ ഒരു കിലോലിറ്റര്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധന(എടിഎഫ്)ത്തിന്റെ വില 138,147.93 രൂപയായിരുന്നു. ഇന്ന് 12 ശതമാനം കുറവ് വരുത്തിയതോടെ വില 1,21,915.57 രൂപയായി. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. ജൂണില്‍ വില കിലോലിറ്ററിന് 141,232.87 രൂപ ആയിരുന്നു.

രണ്ടാഴ്ചയിലെ രാജ്യാന്തര എണ്ണവിലയുടെ നിരക്കിനെ അടിസ്ഥാനമാക്കി എല്ലാ മാസവും 1, 16 തീയതികളില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില പരിഷ്‌കരിക്കാറുണ്ട്. മുംബൈയില്‍ ഒരു കിലോലിറ്റര്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില 1,20,875.86 ആണ്. കൊല്‍ക്കത്തയില്‍ 1,26,516.29-ല്‍ എടിഎഫ് ലഭ്യമാണ്,

Signature-ad

പ്രധാന സമ്പദ്വ്യവസ്ഥകളിലെ മാന്ദ്യത്തെ ഭയന്ന് അന്താരാഷ്ട്ര എണ്ണവില മയപ്പെടുത്തിയിട്ടുണ്ട്. ഉക്രെയ്ന്‍ യുദ്ധത്തിനു മുമ്പുള്ള നിലയിലാണ് എണ്ണവിലയിപ്പോള്‍.

2022 ജനുവരിക്കുശേഷം 11 തവണയാണ് വിലകൂട്ടിയത്. ജൂണില്‍ വിലയില്‍ 16ശതമാനം വര്‍ധനവാണ് ഉണ്ടായത്. വില കിലോ ലിറ്ററിന് 19,757.13 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. അതോടെ എടിഎഫിന്റെ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തുകയുംചെയ്തു. ആറുമാസത്തിനുള്ളില്‍ വില ഇരട്ടിയാകാനും ഈ വിലവര്‍ധന ഇടയാക്കി.

നേരത്തെ, റഷ്യ-ഉക്രെയ്ന്‍ യുദ്ധം മൂലം ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില ഉയരുന്നത് ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ലാഭക്ഷമതയെ ദോഷകരമായി ബാധിച്ചിരുന്നു. ഇന്ധനത്തിന് മാത്രമായി വരുമാനത്തിന്റെ വലിയൊരു പങ്ക് ചെലവഴിക്കേണ്ടിവരുന്നുണ്ട്.

ഒരു വിമാനക്കമ്പനിയുടെ പ്രവര്‍ത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും ഇന്ധനത്തിനു വേണ്ടിയായതിനാല്‍, ഇന്ധന വിലയിലെ വര്‍ദ്ധനവ് വിമാനത്തിന്റെ ചെലവ് വര്‍ധിപ്പിക്കാന്‍ കാരണമായി. തുടര്‍ന്ന് കമ്പനികള്‍ യാത്രാ ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എടിഎഫ് വിലയില്‍ വന്‍ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും യാത്രാനിരക്ക് കുറയ്ക്കാന്‍ കമ്പനികള്‍ തയാറാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

 

 

Back to top button
error: