NEWS

കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നില്ലെന്ന് പരാതി

റാന്നി: തിരുവല്ല- റാന്നി റൂട്ടില്‍ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് രണ്ടു വർഷമായി സർവീസ് നടത്തുന്നില്ലെന്ന് പരാതി.തിരുവല്ലയിൽ നിന്നും ഇരവിപേരൂർ, വെണ്ണിക്കുളം,വാളക്കുഴി,തീയാടിക്കൽ, വൃന്ദാവനം, കണ്ടൻപേരൂർ, നെല്ലിക്കമൺ വഴി റാന്നിക്ക് സർവീസ് നടത്തിക്കൊണ്ടിരുന്ന ബസാണിത്.വർഷങ്ങളായി നല്ല കളക്ഷനോടെ ഓടിയിരുന്ന ബസ് ആദ്യ കോവിഡ് ലോക്ഡൗൺ കാലത്തോടെയാണ് നിർത്തുന്നത്.പിന്നീട് ലോക്ഡൗൺ പിൻവലിച്ച് എല്ലാ ബസുകളും ഓടിത്തുടങ്ങിയിട്ടും ഈ ബസ് മാത്രം സർവീസ് ആരംഭിച്ചില്ല.
രാവിലെ 6.20 നും ഉച്ചയ്ക്ക് 1.10 നും വൈകിട്ട് 4.40 നും തിരുവല്ലയിൽ നിന്ന് റാന്നിക്കും രാവിലെ 8മണി, ഉച്ചയ്ക്ക് 2.45, വൈകിട്ട് 6.30 എന്നീ സമയങ്ങളിൽ റാന്നിയിൽ നിന്നും തിരുവല്ലയ്ക്കും സർവീസ് നടത്തിക്കൊണ്ടിരുന്ന ബസാണിത്. ഈ ബസ്  സർവിസ് നടത്താത്തതു മൂലം ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള ഒട്ടേറെ സ്ഥിരം യാത്രക്കാരാണ്  ക്ലേശിക്കുന്നത്.പ്രത്യേകിച്ച് റയിൽവെ സ്റ്റേഷനെ ആശ്രയിക്കുന്നവർ.
തിരുവല്ല ഡിപ്പോയുടെ ഏറ്റവും ജനപ്രിയ സർവീസായിരുന്നു വാളക്കുഴി,തീയാടിക്കൽ, വൃന്ദാവനം, കണ്ടൻപേരൂർ, നെല്ലിക്കമൺ വഴി ഓടിക്കൊണ്ടിരുന്ന ഈ റാന്നി സർവീസ്.ഈ ബസ് സർവ്വീസ്
നിര്‍ത്തിയതിനെതിരേ അന്ന്‌ പ്രതിഷേധമുയര്‍ന്നെങ്കിലും കോവിഡ് നിയന്ത്രണം മാറുമ്പോൾ പുനരാരംഭിക്കുമെന്ന്‌ ഡിപ്പോ അധികൃതര്‍ ജനപ്രതിനിധകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഉറപ്പ്‌ നല്‍കിയിരുന്നു.ഈ റൂട്ടില്‍ ഓടിയിരുന്ന ബസ് ലാഭത്തിലായിരുന്നെന്ന്‌ ഡിപ്പോ അധികൃതരും സമ്മതിക്കുന്നുണ്ട്.പക്ഷെ രണ്ടു വർഷം പൂർത്തിയാകാൻ പോകുമ്പോഴും സർവീസ് പുനരാരംഭിക്കാൻ നടപടിയൊന്നുമില്ലെന്ന് മാത്രം.
റാന്നി ഡിപ്പോയിൽ നിന്നും നെല്ലിക്കമൺ, കണ്ടൻപേരൂർ ഭാഗത്തേക്ക് കെഎസ്ആർടിസി ബസുകൾ ഒന്നും ഇല്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്.റാന്നിയിൽ നിന്നും കോട്ടയത്തേക്കുള്ള ഏറ്റവും എളുപ്പമാർഗ്ഗമായ നെല്ലിക്കമൺ, കണ്ടൻപേരൂർ,പെരുമ്പെട്ടി,ചുങ്കപ്പാറ, കുളത്തൂർമുഴി, നെടുംകുന്നം,മാന്തുരുത്തി ആലാമ്പള്ളി വഴി ഒരു സർവീസ് ആരംഭിക്കാവുന്നതേയുള്ളൂ.അതേപോലെ നെല്ലിക്കമൺ കണ്ടൻപേരൂർ വൃന്ദാവനം വാളക്കുഴി വഴി ജില്ലയിലെ ഏക റയിൽവെ സ്റ്റേഷനായ തിരുവല്ലയിലേക്കും.
നിലവിൽ റാന്നിയിൽ നിന്നും വൈകിട്ട് നാലര കഴിഞ്ഞാൽ നെല്ലിക്കമൺ, കണ്ടൻപേരൂർ ഭാഗത്തേക്ക് ബസില്ലാത്ത സ്ഥിതിയാണുള്ളത്.ഞായറാഴ്ച ദിവസം നിലവിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും ഓടുകയില്ല.അധികാരികൾ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ഈ റൂട്ടിലെ ജനങ്ങളുടെ ആവശ്യം.

Back to top button
error: