കട്ടപ്പന: ചുഴലി അഭിനയം നടത്തി ആളുകളെ പറ്റിച്ച് പണം തട്ടിയിരുന്ന കുപ്രസിദ്ധ മോഷ്ടാവിനെ രണ്ടുവര്‍ഷം കഠിന തടവിനു ശിക്ഷിച്ച് കോടതി. മരിയാപുരം നിരവത്ത് മഹേഷ് എന്ന ചുഴലി മഹേഷിനെയാണ് കട്ടപ്പന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷിച്ചത്.
2021 ഡിസംബര്‍ 14ന് കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് പണം അപഹരിച്ച കേസിലാണ് ശിക്ഷ.
സ്‌കൂളില്‍ മോഷണം നടന്ന വിവരം അറിഞ്ഞ് അതിവേഗം നടത്തിയ അന്വേഷണത്തിലാണ് കട്ടപ്പന ഡിെവെ.എസ്.പി: വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതി പിടിയിലായത്.
നിരവധി സ്ഥലങ്ങളില്‍ ചുഴലി അഭിനയിച്ചുവീണ് പണപ്പിരിവ് നടത്തി കബളിപ്പിച്ച് മുങ്ങുന്നതാണ് ഇയാളുടെ പ്രധാന തട്ടിപ്പ്. സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണക്കേസുകള്‍ നിലവിലുണ്ട്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് മോഷണം ഏറെയും.
വിവിധ സ്‌കൂളുകളില്‍ നിന്നും ലാപ്‌ടോപ്പുകളും മറ്റ് ഇലക്‌ട്രോണിക്ക് ഉപകരണങ്ങളും പണവും അപഹരിച്ചിട്ടുണ്ട്. കോതമംഗലത്ത് എസ്.എന്‍.ഡി.പി മന്ദിരം അടിച്ചുതകര്‍ത്ത കേസിലും പ്രതിയാണ്.
സ്വന്തമായി വീടോ മേല്‍വിലാസമോ ഇല്ലാതെ അലഞ്ഞു നടക്കുന്നതിനാല്‍ ഇയാളെ പിടികൂടുകയെന്നത് ശ്രമകരമായിരുന്നു. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.