കണ്ണൂര്‍: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും പ്രതിഷേധ സംഗമവും നടത്തി. കണ്ണൂര്‍ പ്രസ് ക്ലബ്ബ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് കളക്ടറേറ്റിനു മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം കെയുബ്ല്യൂജെ സംസ്ഥാന കമ്മിറ്റിയംഗം യു.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. വിജേഷ്, സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ഹാരിസ്, മുന്‍ ജില്ലാ സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റുമാരായ പി. സന്ദീപ്, സബിന പത്മന് , ജോയിന്റ് സെക്രട്ടറി എം.സന്തോഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ. ഗണേഷ്മോഹന്‍ , എന്‍.വി. മഹേഷ് ബാബു, ടി.പി. വിപിന്‍ദാസ്, ശ്രീജിത്ത് പരിയാരം, കൃഷ്ണന് കാഞ്ഞിരങ്ങാട് എന്നിവര്‍ നേതൃത്വം നല്കി.