അടിമാലി: മാങ്കുളത്തുനിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ തുടര്‍ച്ചയായി പഞ്ചറായി സര്‍വീസ് മുടങ്ങുന്നതില്‍ ദുരൂഹതയെന്ന് ആക്ഷേപം. മാങ്കുളത്തുനിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസ് ആണ് രണ്ടാം ദിവസവും പഞ്ചറായി സര്‍വീസ് മുടങ്ങിയത്.
രാവിലെ 6.10 ന് ആനക്കുളത്തുനിന്നും ആലുവയിലേക്ക് പോകുന്ന ബസ് വ്യാഴാഴ്ച രാവിലെ ജീവനക്കാര്‍ നോക്കിയപ്പോള്‍ പിന്‍വശത്തെ ടയര്‍ പഞ്ചറായതായി കണ്ടു. അവികസിത മേഖലയായതിനാലും മൂന്നാര്‍ ഡിപ്പോയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരം ആനക്കുളത്തേക്ക് ഉള്ളതിനാലും ടയര്‍ മാറി സര്‍വീസ് തുടരാനായില്ല.
മുന്‍വശത്തെ ടയര്‍ പഞ്ചറായി കണ്ടതോടെ വെള്ളിയാഴ്ചയും സര്‍വീസ് മുടങ്ങി. സാമൂഹികവിരുദ്ധര്‍ ടയര്‍ പഞ്ചറാക്കുന്നതാണോ എന്നാണ് ജീവനക്കാരുടെ സംശയം. തുടര്‍ച്ചയായ രണ്ടുദിവസവും സമാന രീതിയില്‍ ടയര്‍ പഞ്ചറായതാണ് സംശയം ഉയര്‍ത്തുന്നത്.
ആനക്കുളത്തു നിന്ന് 5.40 ന് ഒരു സ്വകാര്യ ബസ് ആലുവയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്.
സമയക്രമത്തില്‍ അരമണിക്കൂറിന്റെ വ്യത്യാസമുണ്ടെങ്കിലും മാങ്കുളത്തുനിന്ന് രണ്ട് ബസുകളും പത്ത് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഓടുന്നതെന്നാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പറയുന്നത്.
എന്നാല്‍ സ്വകാര്യ ബസ് ജീവനക്കാരുമായി നിലവില്‍ പ്രശ്‌നങ്ങളില്ലെന്നും ജീവനക്കാര്‍ പറയുന്നു. അതേസമയം ടയറിന്റെ ഗുണനിലവാരമില്ലായ്മയാണ് പഞ്ചറിനു കാരണമാകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.