‘കടുവ’യും മമ്മൂട്ടിയും തമ്മിലെന്തു ബന്ധം…? ‘സ്നേഹമുള്ള സിംഹം’ എന്നൊരു സിനിമയിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. പക്ഷേ ‘കടുവ’ പൃഥിരാജ് ചിത്രമാണ്.
കടുവയാണ് സിംഹമാണ് എന്നൊക്കെയാണ് ഭാവമെങ്കിലും മമ്മൂട്ടി ശാന്തനായ ഒരു മുയൽക്കുട്ടിയാണെന്ന് അടുപ്പമുള്ളവർക്കെ അറിയാം.
ലോകമെമ്പാടുമുള്ള പ്രകൃതിസ്നേഹികൾ ജൂലൈ 29 അന്തർദേശീയ കടുവ ദിനമായി ആചരിക്കുമ്പോൾ തന്റെ പുതിയ ചിത്രം പങ്കുവച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം കടുവാദിനം ആശംസിച്ചത്. ചിത്രം നിമിഷങ്ങൾ കൊണ്ട് തന്നെ വൈറലായി. പുത്തൻ സ്റ്റൈൽ തകർത്തിട്ടുണ്ടെന്ന് ആശംസിച്ച് ആരാധകരും പോസ്റ്റിന് താഴെ എത്തി. 40 മിനിറ്റിൽ നാല്പതിനായിരത്തോളം പേരാണ് ചിത്രം ലൈക്ക് ചെയ്തത്.
കരുത്തും കാന്തിയും പ്രൗഡിയും കൊണ്ടാണ് കടുവകളെ വനഭൂമിയിലെ ഏറ്റവും പ്രഗത്ഭരായ വേട്ടക്കാരെന്ന് വിശേഷിപ്പിക്കുന്നത്. ഇവർ സാമ്രാജ്യ പരിധി നിശ്ചയിച്ച് വാഴുന്നവർ ആണ്. വിശാലമായ കാട്ടിൽ പരമാവധി 70 ചതുരശ്ര കിലോമീറ്റർ പരിധി നിർണയിച്ച് ആണ് ആൺകടുവകൾ വാഴുന്നത്. എന്നാൽ പെൺകടുവകളാകട്ടെ പരമാവധി 20 ചതുരശ്ര കിലോമീറ്ററിൽ ഒതുങ്ങും എന്നതും പ്രത്യേകതയാണ്. ഓരോ കടുവകളുടെയും മുഖവരകളും ശരീര വരകളും വ്യത്യസ്ഥമായിരിക്കും ഇതാണ് ഇവരിൽ ഓരോരുത്തരെയും തിരിച്ചറിയുന്നതും.
കടുവകളെക്കുറിച്ചുള്ള വിശേഷങ്ങൾ ഇതൊക്കെയാണെന്നിരിക്കെ ദേശീയ കടുവാദിനത്തിൽ സ്വന്തം ചിത്രം പങ്കുവച്ച് മമ്മൂട്ടി കടുവദിന ആശംസകൾ നേർന്നത് എന്തിനായിരിക്കും എന്നാണ് വീണ്ടും സംശയം.
ഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശം വിളിച്ചോതുന്ന ഈ ദിനം ഇത്തവണ കടന്നു പോകുന്നത് ‘രാജ’ എന്ന കടുവയെക്കുറിച്ചുള്ള ദുഃഖാർത്ത സ്മരണയുമായാണ്. ഇന്ത്യയിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള കടുവകളിൽ ഏറ്റവും പ്രായമേറിയ കടുവയായ രാജ രണ്ടാഴ്ച മുൻപാണ് ഓർമയായത്.