KeralaNEWS

എങ്ങനെ കടിക്കാതിരിക്കും? കൊല്ലം കോര്‍പ്പറേഷന്‍ വന്ധ്യംകരിച്ച തെരുവുനായയ്ക്ക് ഒറ്റ പ്രസവത്തില്‍ ആറ് കുട്ടികള്‍!

കൊല്ലം: പേവിഷ ബാധയേറ്റുള്ള മരണങ്ങളും പേപ്പട്ടി ആക്രമണങ്ങളും വര്‍ധിക്കുന്നതിനിടയ്ക്ക് കൊല്ലത്ത് ഒരു നായ പ്രസവിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നായ പ്രസവിക്കുന്നതില്‍ എന്തു വാര്‍ത്ത എന്നാണെങ്കില്‍ ഇതൊരു സാധാരണ പ്രസവല്ല എന്നതാണ് അതിനുത്തരം. കോര്‍പ്പറേഷന്റെ വന്ധ്യംകരണ പദ്ധതിക്ക് വിധേയയായെന്ന് പറയപ്പെടുന്ന നായയാണ് പ്രസവിച്ചിരിക്കുന്നത്. അതും ഒറ്റ പ്രസവത്തില്‍ ആറു കുട്ടികള്‍!.

വന്ധ്യം കരണ പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടും നായ്ക്കളുടെ കടി കുറയുന്നില്ലെന്നു മാത്രമല്ല ദിവസവും കേസുകള്‍ കൂടിവരികയുമാണ്. ഈ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ വന്ധ്യംകരണ പദ്ധതികളുടെ കാര്യക്ഷമത സംശയത്തിലാക്കുന്ന ചോദ്യചിഹ്നമാകുകയാണ് കൊല്ലത്തെ നായയും ആറു കുട്ടികളും.

Signature-ad

മാര്‍ച്ചില്‍ ഊര്‍ജ്ജിതമാക്കിയ തെരുവ് നായ വന്ധ്യം കരണ പദ്ധതി പ്രകാരം നഗരത്തില്‍ അലഞ്ഞ് തിരിയുന്ന നായകളെ പിടികൂടി വന്ധ്യം കരിച്ചിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ച് അഞ്ചാലുംമൂട് മൃഗാശുപത്രിയില്‍ വച്ചായിരുന്നു വന്ധ്യംകരണം നടത്തിയത്. വന്ധ്യംകരിക്കപ്പെട്ട നായകളുടെ ചെവിയില്‍ തിരിച്ചറിയാന്‍ അടയാളവു നല്‍കിയിരുന്നു. ഇക്കൂട്ടത്തില്‍ ഈ നായയും ഉള്‍പ്പെട്ടിരുന്നു എന്നാണ് പറയുന്നത്.

വന്ധ്യംകരണ ശേഷം തിരിച്ചുകൊണ്ടുവിട്ട നായയ്ക്ക് പിന്നീട് വയറില്‍ മുറിവേറ്റപ്പോള്‍ നാട്ടുകാരാണ് ചികിത്സ നല്‍കിയത്. ഇതില്‍ സുഖം പ്രാപിച്ച നായ പോളയത്തോട് പ്രദേശത്ത് അലഞ്ഞ് നടന്നിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് നായയെ ആറ് പ്രസവിച്ച നിലയില്‍ കണ്ടെത്തിയത്.

വന്ധ്യംകരിക്കാതെയാണ് നായയെ തിരികെ കൊണ്ടവിട്ടതെന്നാണ് നാട്ടുകാരുടെ ആരോപണം. പരിസരത്തെ വ്യാപാരികളും ഓട്ടോ ഡ്രൈവര്‍മാരും നല്‍കുന്ന ഭക്ഷണവും ബിസ്‌കറ്റും കഴിച്ച്, ഇപ്പോള്‍ പോളയത്തോട് കഴിയുകയാണ് ഈ നായയും ആറ് മക്കളും.

Back to top button
error: