ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മറില്‍ മിഗ്-21 ട്രെയിനര്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന. വിങ് കമാന്‍ഡര്‍ എം റാണ, ഫ്ലൈറ്റ് ലെഫ്റ്റനന്റ് അദ്വിതീയ ബാല്‍ എന്നിവരാണ് മരിച്ചതെന്ന് ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ വ്യോമസേന വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 ട്രെയിനര്‍ വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ചത്. ഭീംദ ഗ്രാമത്തില്‍ അരകിലോമീറ്റര്‍ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 9.10 ന് നടന്ന അപകടത്തില്‍ വിമാനം പൂര്‍ണ്ണമായി കത്തിയമര്‍ന്നു.
രാജസ്ഥാനിലെ ഉതര്‍ലായ് വ്യോമതാവളത്തില്‍ നിന്ന് പരിശീലനത്തിനായി പറന്നുയര്‍ന്ന വ്യോമസേനയുടെ ഇരട്ട സീറ്റുള്ള മിഗ്-21 ട്രെയിനര്‍ വിമാനമാണ് തകര്‍ന്ന് വീണതെന്നും ഐഎഎഫ് പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു. സംഭവത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരിയോട് വിവരങ്ങള്‍ തേടി.