ദില്ലി: സോണിയ ഗാന്ധിക്കെതിരേ മോശമായി സംസാരിച്ച സ്മൃതിക്കെതിരേ കോണ്‍ഗ്രസും അധീര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്നി പരാമര്‍ശം ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു. രണ്ട് തവണ ചേര്‍ന്നപ്പോഴും ഭരണപക്ഷവും പ്രതിപക്ഷവും ബഹളം തുടര്‍ന്നതോടെ ഇരു സഭകളും തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
രാഷ്ട്രപത്നി വിവാദത്തിനിടെ സോണിയഗാന്ധിയോട് കയര്‍ത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സഭയിലെ കോണ്‍ഗ്രസ് പ്രതിഷേധം. ലോക്സഭ തുടങ്ങിയപ്പോള്‍ത്തന്നെ കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് സോണിയാ ഗാന്ധിയുമായി ബന്ധപ്പെട്ട ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് അംഗീകരിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല.
ബഹളം അവസാനിപ്പിച്ച് അംഗങ്ങള്‍ ഇരിപ്പിടങ്ങളിലേക്ക് മടങ്ങിപ്പോവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാല്‍ ബഹളം നിലയ്ക്കാത്തതിനെ തുടര്‍ന്ന് സഭാ നടപടികള്‍ അദ്ദേഹം നിര്‍ത്തി. രാജ്യസഭയിലും സമാനമായ രീതിയാണ് ഉണ്ടായത്. തുടര്‍ന്ന് പാര്‍ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമക്ക് മുന്‍പിലും എംപിമാര്‍ പ്രതിഷേധിച്ചു. സസ്പെന്‍ഷനിലായ അംഗങ്ങള്‍ തുടരുന്ന റിലേ സത്യാഗ്രഹം 50 മണിക്കൂര്‍ പിന്നിട്ട് ഇന്ന് അവസാനിക്കും. രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടവരുടെ സസ്പെന്ഷന് കാലാവധിയും ഇന്നത്തോടെ അവസാനിക്കും.
സോണിയാഗാന്ധിക്കെതിരെ വിമര്‍ശനമുന്നയിച്ച കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിവേണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് നല്കി. വിലക്കയറ്റവും നാണ്യപെരുപ്പവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ രാഷ്ട്രപത്നി വിവാദം ബിജെപി ഉപയോഗിക്കുകയാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.
അധീര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്നി വിവാദത്തില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനിടെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ രാവിലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു. സഹമന്ത്രിമാരോടൊപ്പം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഷ്ട്രപതിയെ കാണാനെത്തി.
അതേസമയം, ഭരണഘടപദവി വഹിക്കുന്നവര്‍ സ്ത്രീയായാലും പുരുഷനായാലും ഒരേ പോലെ ബഹുമാനിക്കേണ്ടതുണ്ടന്നതായിരുന്നു വിമത കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ വിമര്‍ശനം.