KeralaNEWS

സൗദിയില്‍ തര്‍ക്കത്തിനിടെ കൊല്ലപ്പെട്ട കോട്ടയം സ്വദേശിയുടെ കുടുംബത്തിന്റെ കരുണ തുണച്ചു; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നാടണഞ്ഞു

റിയാദ്: തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊന്ന കേസില്‍ സൗദി കോടതി വിധിച്ച വധശിക്ഷയില്‍നിന്ന് മലയാളി യുവാവിന് മോചനം. വധശിക്ഷകാത്തു കഴിഞ്ഞിരുന്ന കൊല്ലം, പള്ളിത്തോട്ടം, ഗാന്ധിനഗര്‍ സ്വദേശി എച്ച്.ആന്‍.സി കോമ്പൗണ്ടില്‍ സക്കീര്‍ ഹുസൈന്‍ (32) ആണ് ഒടുവില്‍ നാടണഞ്ഞത്.

കൊല്ലപ്പെട്ട കോട്ടയം കോട്ടമുറിക്കല്‍, ചാലയില്‍ വീട്ടില്‍ തോമസ് മാത്യു(27)വിന്റെ കുടുംബം കരുണകാട്ടി മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് മുപ്പത്തിരണ്ടുകാരനായ സക്കീര്‍ ഹുസൈന്‍ മോചിതനായത്.

Signature-ad

2009ലെ ഒരു ഓണനാളിലാണ് കേസിന് ആധാരമായ കൊലപാതകം നടന്നത്. ഒരു ലോന്‍ട്രിയിലെ ജീനക്കാരായിരുന്നു പ്രതിയായ സക്കീര്‍ ഹുസൈനും കൊല്ലപ്പെട്ട തോമസ് മാത്യുവും. ഓണദിവസം കൂട്ടുകാരെല്ലാം കൂടി സദ്യയുണ്ടാക്കി ഒപ്പമിരുന്ന് കഴിച്ചിരുന്നു. ശേഷം വൈകുന്നേരം ഒന്നിച്ച് കൂടിയിരുന്ന് സംസാരിക്കുന്നതിനിടയിലുണ്ടായ തര്‍ക്കത്തിനിടെ സക്കീര്‍ ഹുസൈന്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് തോമസ് മാത്യുവിനെ കുത്തുകയായിരുന്നു.

ആഴത്തില്‍ മുറിവേറ്റ തോമസ് മാത്യു സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. പിന്നാലെ സക്കീര്‍ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണ കോടതി എട്ടു വര്‍ഷത്തെ തടവും അതിനുശേഷം തലവെട്ടി വധിശിക്ഷ നടപ്പാക്കാനുമാണ് വിധിച്ചത്.

സംഭവം നടക്കുമ്പോള്‍ സക്കീര്‍ ഹുസൈന് 23 വയസായിരുന്നു പ്രായം. ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന വൃദ്ധരായ മാതാപിതാക്കളെ സഹായിക്കാന്‍ ഗള്‍ഫിലെത്തിയ സക്കീര്‍ ഒരുനിമിഷത്തെ അവിവേകം കാരണം കൊലപാതകിയായി ജയിലിലാവുകയായിരുന്നു.

തലയ്ക്കുമേലേ ഉയര്‍ന്നുനിന്ന മരണത്തിന്റെ വാളുമായി ദമ്മാം ജയിലില്‍ ഒമ്പതുവര്‍ഷമായി തടവില്‍ കഴിയുകയായിരുന്ന സക്കീര്‍ ഹുസൈന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയുടേയും സൗദിയിലെ സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടലിലൂടെയാണ് മോചനം സാധ്യമായത്.

സക്കീര്‍ ഹുസൈന്റെ അയല്‍വാസി ജസ്റ്റിന്‍ സൗദിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിന്റെ സഹായത്തോടെ നടത്തിയ ശ്രമമാണ് വിഷയം ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലില്‍ എത്തിച്ചത്. കൊല്ലപ്പെട്ട തോമസ് മാത്യുവിന്റെ ഇടവക പള്ളി വികാരിയുമായി ബന്ധപ്പെട്ട അദ്ദേഹം അഡ്വ. സജി സ്റ്റീഫന്റെ സഹായത്തോടെ കുടുംബത്തിന്റെ മാപ്പ് ലഭ്യമാക്കുകയായിരുന്നു.

Back to top button
error: