ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരേയുള്ള സാമൂഹിക മാധ്യമങ്ങളിലെ പോസ്‌റുകള്‍
24 മണിക്കൂറിനകം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം. ഡല്‍ഹി ഹൈക്കോടതിയുടേതാണ് നടപടി.
സ്മൃതിയുടെ മകള്‍ ഗോവയില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് ബാര്‍ ലൈസന്‍സ് നേടിയെന്ന വിവാദവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാനാണ് കോണ്‍ഗ്രസ് നേതാക്കളോട് കോടതി ഉത്തരവിട്ടത്. സ്മൃതി ഇറാനി സമര്‍പ്പിച്ച സിവില്‍ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി. കേസില്‍ നേരിട്ട് ഹാജരാകാനും കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേശ്, പവന്‍ ഖേര, നെറ്റ ഡിസൂസ എന്നിവരോട് കോടതി ആവശ്യപ്പെട്ടു.
യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കാതെയാണ് ഇറാനിക്കെതിരെ അപകീര്‍ത്തികരവും വ്യാജവുമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതെന്ന് കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി. നേതാക്കള്‍ പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ട്വിറ്ററും ഫെയ്സ്ബുക്കും അടക്കമുള്ള സാമൂഹിക മാധ്യമ കമ്പനികള്‍ ഇത് കളയണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രഥമ ദൃഷ്ട്യാ സ്മൃതി ഇറാനി നല്‍കിയ കേസ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മിനി പുഷ്ഖര്‍ണയുടെ നടപടി. ഹര്‍ജി ഇനി ഓഗസ്റ്റ് 18-ന് പരിഗണിക്കും. ഈ സമയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയിലെത്തണം.
The Delhi High Court has issued notice asking us to formally reply to the case filed by Smriti Irani. We look forward to presenting the facts before the court. We will challenge and disprove the spin being put out by Ms. Irani.
— Jairam Ramesh (@Jairam_Ramesh) July 29, 2022
ഗോവയിലെ റെസ്റ്റോറന്റില്‍ സ്മൃതി ഇറാനിയുടെ മകള്‍ക്ക് അനധികൃത ബാറുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. കോടതിക്ക് മുന്നില്‍ തങ്ങള്‍ വസ്തുതകള്‍ അവതരിപ്പിക്കുമെന്ന് ഉത്തരവിന് പിന്നാലെ ജയറാം രമേശ് ട്വീറ്റ് ചെയ്തു.