NEWS

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കി;30-കാരി അറസ്റ്റിൽ

വിജയവാഡ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസിൽ യുവതി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ മുപ്പതുവയസ്സുകാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 യുവതിയുടെ പ്രദേശത്തുതാമസിക്കുന്ന 15 വയസ്സുകാരനെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്.തുടർന്ന് കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് ഹൈദരാബാദിലെ ബാലനഗറിൽനിന്നാണ് രണ്ടുപേരെയും കണ്ടെത്തിയത്.
ജൂലായ് 19-ാം തീയതി മുതലാണ് എട്ടാംക്ലാസ് വിദ്യാർഥിയായ 15-കാരനെ കാണാതായത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയിരുന്നില്ല. ഇതോടെ വീട്ടുകാർ അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് സമീപത്തുതന്നെ താമസിക്കുന്ന ഭർത്താവും രണ്ട് കുട്ടികളുമുള്ള യുവതിയെയും കാണാതായിട്ടുണ്ടെന്ന വിവരമറിഞ്ഞത്. ഇതോടെ സംശയം തോന്നിയ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി നേരത്തെയും 15-കാരനെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ വീട്ടിൽവെച്ചാണ് പലതവണ കുട്ടിയെ ചൂഷണം ചെയ്തത്. തുടർന്ന് 15-കാരനോടൊപ്പം സ്ഥിരമായി ജീവിക്കാനും ലൈംഗിക ചൂഷണം തുടരാനും പ്രതി ആഗ്രഹിച്ചു. ഇതോടെയാണ് കുട്ടിയുമായി നാടുവിട്ട് മറ്റൊരിടത്ത് താമസിക്കാൻ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: