മഴക്കാലമെന്നാല്‍ മിക്കവര്‍ക്കും ഏറെ സന്തോഷമുള്ള സമയമാണ്. മഴയും തണുത്ത കാലാവസ്ഥയുമെല്ലാം ഇഷ്ടപ്പെടുന്നവര്‍ ഒരുപാടാണ്. എന്നാല്‍ മഴക്കാലത്തിന്‍റെ ഏറ്റവും വലിയ ബുദ്ധിമുട്ട് ഈ കാലാവസ്ഥയില്‍ പിടിപെടുന്ന രോഗങ്ങളാണ്.
കൊതുകുജന്യ രോഗങ്ങളെ മാറ്റിനിര്‍ത്തിയാല്‍ അധികവും അണുബാധകളാണ് മഴക്കാലത്ത് വ്യാപകമാകാറ്. ജലദോഷം, ചുമ, തൊണ്ടവേദന, പനി എന്നിവയെല്ലാം ഇത്തരത്തില്‍ പിടിപെടാറുണ്ട്. മഴക്കാലത്തെ ഇത്തരം സാധാരണ അണുബാധകള്‍ ഒഴിവാക്കുന്നതിന് നമ്മള്‍ രോഗപ്രതിരോധ ശേഷി കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് വേണ്ടത്. ഇതിനായി ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യമാണ്.
ഇനി, മഴക്കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും അണുബാധകളൊഴിവാക്കുന്നതിനും അടുക്കളയില്‍ എല്ലായ്പോഴും സൂക്ഷിക്കേണ്ട അഞ്ച് ചേരുവകളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
- മിക്ക വീടുകളില്‍ തുളസിച്ചെടി വളര്‍ത്താറുണ്ട്. ഒരു ഔഷധമെന്ന നിലയിലാണ് നാം തുളസിയെ കാണുന്നത്. സ്ട്രെസ് അകറ്റാനും, ഉന്മേഷം വര്‍ധിപ്പിക്കാനുമെല്ലാം തുളസി സഹായിക്കും. ഇത് ചായയിലോ വെള്ളത്തിലോ എല്ലാം ചേര്‍ത്ത് കഴിക്കാവുന്നതാണ്.
- അടുത്തതായി വേണ്ടത് ഇഞ്ചി. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍, പാരഡോള്‍സ് തുടങ്ങി ഒരുപിടി ഘടകങ്ങള്‍ക്ക് അണുബാധകളെ ചെറുക്കുന്നതിന് സാധിക്കും. ഇതിന് പുറമെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോഷകങ്ങളെ എത്തിക്കുന്നതിനും ഏകീകരിക്കുന്നതിനുമെല്ലാം ഇഞ്ചി സഹായിക്കുന്നു. ഇഞ്ചി കറികളില്‍ ചേര്‍ക്കുന്നതിനെക്കാള്‍ ചായയിലോ ജ്യൂസിലോ എല്ലാം ചേര്‍ക്കുന്നതാണ് കുറെക്കൂടി നല്ലത്.
- ഇനി വേണ്ടത് കുരുമുളക്. ഇത് പൊടിച്ചും പൊടിക്കാതെയുമെല്ലാം നമ്മള്‍ അടുക്കളയില്‍ ഉപയോഗിക്കാറുണ്ട്. ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ദഹനപ്രശ്നം പരിഹരിക്കാനുമെല്ലാം കുരുമുളക് പ്രയോജനപ്പെടാം. മഴക്കാലത്ത് ദഹനപ്രശ്നങ്ങള്‍ ഒരു പതിവ് വിഷമം ആയിവരാറുണ്ട്. കുരുമുളക് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഒരുപോലെ സഹായകമാണ്.
- മഞ്ഞളാണ് അടുത്തതായി വേണ്ട ചേരുവ. മഞ്ഞള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാണ് പ്രധാനമായും സഹായകമാവുക. ബാക്ടീരിയ പോലുള്ള രോഗാണുക്കള്‍ക്കെതിരെ പോരാടാൻ സഹായിക്കുന്ന ഘടകങ്ങളുണ്ട് എന്നതിനാല്‍ വിവിധ അണുബാധകളെ ചെറുക്കുന്നതിനും ഇത് സഹായകമാകുന്നു.
- ഇനി വേണ്ട ചേരുവ വെളുത്തുള്ളി. ഇതും എല്ലാ അടുക്കളകളിലും എപ്പോഴും കാണുന്ന ഒന്നാണ്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന അലിസിൻ എന്ന ഘടകം പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിലൂടെ മഴക്കാലത്ത് പിടിപെടുന്ന വിവിധ അണുബാധകളെ നമുക്ക് ചെറുക്കാനും സാധിക്കുന്നു.