കോഴിക്കോട്: എം.ടി വാസുദേവൻ നായർക്ക് പിറന്നാൾ ആശംസകൾ നേരാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. വ്യാഴം ഉച്ചയ്ക്ക് 12നാണ് കൊട്ടാരം റോഡിലെ’ എംടിയുടെ വീടായ ‘സിതാര’യിൽ മുഖ്യമന്ത്രി എത്തിയത്. പിറന്നാൾ സമ്മാനമായ ഷാൾ പിണറായി വിജയൻ എം.ടിയെ അണിയിച്ചു. പൂച്ചെണ്ടും നൽകി. കാൽ മണിക്കൂറോളം സൗഹൃദ സംഭാഷണത്തിന് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
എം.ടിയുടെ ആരോഗ്യ വിവരങ്ങൾ ആരാഞ്ഞായിരുന്നു തുടക്കം. പ്രകൃതിയും കാലാവസ്ഥയുമെല്ലാം പ്രതികൂലമാകുന്നതിന്റെ ആശങ്ക എം.ടി പങ്കുവച്ചു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കോഴിക്കോട് എന്തെങ്കിലും ചെയ്യേണ്ട കാര്യങ്ങളുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരാഞ്ഞു. ബാബുരാജ് അക്കാദമിയുടെ കാര്യത്തിൽ പ്രത്യേക പരിഗണന വേണമെന്നായിരുന്നു എം.ടിയുടെ മറുപടി. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളം പി.എച്ച്.ഡി വിദ്യാർഥികൾ നൽകിയ നിവേദനം എംടി മുഖ്യമന്ത്രിക്ക് കൈമാറി. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം എ പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി എന്നിവരും ഒപ്പമുണ്ടായിരുന്നു.