NEWS
വീട്ടിലെ കൃഷി നിങ്ങളെ ആരോഗ്യമുള്ളവരാക്കും;കാരണം ഇതാണ്
ഓണം വന്നാലും വിഷു വന്നാലും മലയാളിക്ക് വിഷം കലര്‍ന്ന പച്ചക്കറികള്‍ കഴിക്കാനാണ് യോഗം.ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, കേരളത്തിലുണ്ടായിരുന്ന കൂട്ടുകുടുംബം അണുകുടംബങ്ങളിലേക്ക് മാറുകയും അഞ്ചും പത്തും സെന്റുകളില്‍ വീട് മാത്രമായി ചുരുങ്ങുകയും ചെയ്തതോടെ പണ്ടുണ്ടായിരുന്ന അടുക്കള തോട്ടവും കോഴി, ആട് വളര്‍ത്തലുമൊക്കെ ഓര്‍മ്മയായി. അതോടെ പച്ചക്കറി വേണമെങ്കിലും അരിയും കോഴിയും വേണമെങ്കിലും ചെക്‌പോസ്റ്റുകള്‍ കടന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ലോറി എത്തണം.കേരളം വലിയ വിപണിയായി മാറിയതോടെയാണ്, അയൽ സംസ്ഥാനങ്ങളിലെ പച്ചക്കറി കര്‍ഷകര്‍ നിരോധിത രാസവളങ്ങള്‍ക്ക് പിന്നാലെ പോയത്.കോഴി ഇറച്ചിയുടെ കാര്യവും വ്യത്യസ്തമല്ല.മലയാളിയാകട്ടെ, ദിവസത്തിന് ദിവസം രോഗിയായി മാറുകയും ചെയ്യുന്നു.മരുന്ന് വാങ്ങി ഇങ്ങനെ ആയിരക്കണക്കിന് ആളുകൾ നമ്മുടെ ദരിദ്രരായി മാറുകയും ചെയ്തിട്ടുണ്ട്.
ഈ വിവരങ്ങളുടെയൊക്കെ അടിസ്ഥാനത്തിൽ കേരളത്തില്‍ വിഷ രഹിത പച്ചക്കറി ഉല്‍പാദിപ്പിക്കാനുള്ള ചില ശ്രമങ്ങള്‍ സർക്കാരിന്റെ നേതൃത്വത്തിൽ തുടങ്ങിയിരുന്നു.ഹോര്‍ട്ടികോര്‍ പ്പിന്റ രൂപീകരണവും അങ്ങനെയായിരുന്നു. ടെറസില്‍ പച്ചക്കറി കൃഷി പരിചയപ്പെടുത്തിയതും ഗ്രോബാഗുകളിലെ പച്ചക്കറി കൃഷിയുമൊക്കെ ഇതിന്റ ഭാഗമായി ആരംഭിച്ചവയാണ്.തുടർന്ന് സ്‌കൂളുകളിലും വിദ്യാര്‍ഥികളുടെ വീടുകളിലും പച്ചക്കറി കൃഷിക്ക് കൃഷി വകുപ്പ് പദ്ധതി തയ്യാറാക്കി. ഇതിന് കൃഷി വകുപ്പില്‍ നിന്നും സാമ്പത്തിക സഹായവും നല്‍കി.ജീവനി നമ്മുടെ കൃഷി ആരോഗ്യമെന്ന പദ്ധതിയും ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പരിപാടിയും വീട്ടിൽ ഒരു അടുക്കളത്തോട്ടം പദ്ധതിയുമൊക്കെ ഇതിന്റെ ഭാഗമായിരുന്നു.
കേരളത്തില്‍ ശരാശരി 25ലക്ഷം ടണ്‍ പച്ചക്കറിയാണ് വേണ്ടതെന്നാണ് കണക്കാക്കുന്നത്.ഇതില്‍ ഉല്‍പാദിപ്പിക്കുന്നത് അഞ്ച് ലക്ഷം ടണ്‍ മാത്രവും.ഇതില്‍ തന്നെ കപ്പ്, ചേമ്പ്,ചേന, പയര്‍ തുടങ്ങിയ ഇനങ്ങളാണ് അധികമായി കൃഷി ചെയ്യുന്നത്.ബീന്‍സ്, ഉരുളക്കിഴങ്ങ്, കാബേജ്, കാരറ്റ് തുടങ്ങിയ ശീതകാല പച്ചക്കറികള്‍ കാന്തല്ലൂര്‍,വട്ടവട, മൂന്നാര്‍ മേഖലകളില്‍ കൃഷി ചെയ്യുന്നു.അതാകട്ടെ, ഇടുക്കി ജില്ലയുടെ ആവശ്യത്തിന് പോലും മതിയാകില്ല.ചുരുക്കത്തിൽ അയൽസംസ്ഥാനങ്ങളെ ആശ്രയിക്കാതെ നമുക്ക് മുന്നോട്ടു പോകാൻ സാധിക്കത്തില്ല.പിന്നീട് ചെയ്യാവുന്ന ഒരേയൊരു മാർഗം അതിർത്തിയിലെ പരിശോധന മാത്രമാണ്.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണി കോളജില്‍ പച്ചക്കറികള്‍ പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.2013 മുതല്‍ ഇവിടെ പരിശോധനയും നടക്കുന്നുണ്ട്.അതു കൊണ്ട് എന്ത് കാര്യം? അതിര്‍ത്തിയില്‍ പരിശോന നടത്തി വിഷമടിച്ച പച്ചക്കറികള്‍ തിരിച്ചയക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. കേരളത്തിലെ വിപണി നഷ്ടമാകുമെന്ന് കണ്ടാല്‍ അവര്‍ ജൈവ കൃഷിയിലേക്ക് മടങ്ങും.ലോക്ഡൗണ്‍ വേളയില്‍ മലയാളികള്‍, വീട്ടു മുറ്റത്ത് പച്ചക്കറി കൃഷിക്ക് ധാരാളമായി ഇറങ്ങി പുറപ്പെട്ടിരുന്നു.ഗ്രോബാഗിലും ചട്ടിയിലുമൊക്കെ അവർ പച്ചക്കറികള്‍ കൃഷി ചെയ്തു.തുടർന്ന് രണ്ടു വർഷം മുൻപ് വരെ 6% ആയിരുന്ന നമ്മുടെ പച്ചക്കറി ഉത്പാദനം 14%ത്തിലേക്ക് ഉയർന്നു.എന്നാൽ കോവിഡും ലോക്ഡൗണും മാറിയതോടെ ഇതിന് വീണ്ടും ഇടിവ് സംഭവിച്ചിട്ടുണ്ട്.കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍ ഇവര്‍ക്കൊക്കെ പൊതു സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി ചെയ്താല്‍ അത്രയെങ്കിലും ആശ്വാസമാകും നമുക്ക്.
അതേപോലെ അൽപ്പനേരം കൃഷിക്കായി സമയം ചിലവഴിക്കുന്നത് നമ്മളിൽ മാനസികോല്ലാസത്തിനും ആരോഗ്യത്തിനും കാരണമാകും.അതിലുപരി നല്ലൊരു അടുക്കളത്തോട്ടം ഏതൊരു വീടിനും അലങ്കാരമാണ്.
പച്ചക്കറികൾ നട്ടു പിടിപ്പിക്കുന്നത് ഒരു ഹോബി ആയോ നമുക്കാവശ്യമായവ നാം തന്നെ കൃഷി ചെയ്തെടുക്കും എന്ന ഒരു വാശിയോടുകൂടിയോ കണ്ട് അതിനുവേണ്ടി സമയം കണ്ടെത്തണം.ഇതൊരു ജീവിത ശൈലിയാക്കി മാറ്റിയാൽ പല ജീവിതശൈലി രോഗങ്ങളിൽ നിന്നും രക്ഷ നേടാം.വീട്ടിലെ എല്ലാ അംഗങ്ങളും കൃഷിയിൽ പങ്കെടുക്കണം.പ്രത്യേകിച്ചു കുട്ടികളെ.ആരോഗ്യത്തോടെ വളരാൻ മാത്രമല്ല, ടി.വി യുടെയോ മൊബൈലിന്റെയോ അമിത ഉപയോഗം അവർക്കിടയിൽ ഉണ്ടാകാതിരിക്കാനും ഇത് സഹായിക്കും.