തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പിന്റെ ആദായവിഹിതമായ 20 കോടി രൂപ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് കൈമാറി.
വ്യാഴാഴ്ചയുള്ള കാരുണ്യ പ്ലസ്, ശനിയാഴ്ചയുള്ള കാരുണ്യ ലോട്ടറി എന്നിവയില്‍ നിന്നുള്ള ആദായവിഹിതമാണ് ഇത്.
കാരുണ്യ പദ്ധതിക്കായാണ് ഈ തുക വിനിയോഗിക്കുക. 2019-20 വര്‍ഷത്തില്‍ 229 കോടി രൂപയും 20-21-ല്‍ 158 കോടി രൂപയും ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പദ്ധതിക്കായി നല്‍കിയിരുന്നു.21-22 ല്‍ ഇതേ വരെയായി 44 കോടി രൂപ പദ്ധതിക്ക് കൈമാറിയിരുന്നു.
അതേസമയം 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയ്ക്ക് നിലവില്‍ 30 ശതമാനമാണ് ആദായനികുതിയായി ഈടാക്കുന്നതെന്നും ഇപ്രകാരം ഈടാക്കുന്ന തുക വകുപ്പ് യഥാസമയം ആദായ നികുതിയായി ഒടുക്കി വരുന്നുമുണ്ടെന്നും ലോട്ടറി വകുപ്പ് അറിയിച്ചു. എന്നാല്‍ ഇതിനു പുറമെ അന്‍പത് ലക്ഷത്തിന് മുകളിലുള്ള ഉയര്‍ന്ന സമ്മാന തുകകള്‍ക്ക് സര്‍ച്ചാര്‍ജും, സെസും നല്‍കുകയെന്നത് പാന്‍കാര്‍ഡ് ഉടമകളായ സമ്മാനജേതാക്കളുടെ ഉത്തരവാദിത്വമാണെന്നും വകുപ്പ് വ്യക്തമാക്കി.
സമ്മാനാര്‍ഹര്‍ നല്‍കേണ്ട നികുതികളെക്കുറിച്ച് കേരള ലോട്ടറി വകുപ്പ് കൃത്യമായി അറിയിക്കാത്തതിനാല്‍ വലിയതുകകള്‍ ലഭിക്കുന്നവര്‍ക്ക് പിന്നീട് വന്‍ബാധ്യതയാണ് ഉണ്ടാകുന്നതെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് വകുപ്പിന്റെ വിശദീകരണം.
ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ചേംബറില്‍ നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാന്‍ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍, ജോയിന്റ് ഡയറക്ടര്‍ സുചിത്ര കൃഷ്ണന്‍, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജോയിന്റ് ഡയറക്ടര്‍ ഡോ.ബിജോയ് തുടങ്ങിയവര്‍ സംബന്ധിച്ചു.