LIFEReligion

ഓര്‍ത്തഡോക്‌സ് സഭയില്‍ ഏഴ് മെത്രാപ്പോലീത്തമാര്‍ ഇന്ന് അഭിഷിക്തരാകും

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ ഇന്ന് ഏഴ് മെത്രാപ്പോലീത്താമാര്‍ അഭിഷിക്തരാകും. മലങ്കര സുറിയാനി അസോസിയേഷന്‍ തെരഞ്ഞെടുത്തവരെയാണ് മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍ ഉയര്‍ത്തപ്പെടുന്നത്. രാവിലെ ആറിന് ശുശ്രൂഷകള്‍ക്ക് തുടക്കമാകും. വിശുദ്ധ കുര്‍ബാനയില്‍ കുക്കിലിയോന്‍ (ധൂപ പ്രാര്‍ത്ഥന) സമയത്ത് മെത്രാന്‍ സ്ഥാനാര്‍ത്ഥികളെ ത്രോണോസിന് മുമ്പിലേക്ക് കൊണ്ടുവരികയും മേല്‍പട്ടസ്ഥാന ശുശ്രൂഷ ആരംഭിക്കുകയും ചെയ്യും.

രണ്ട് ഭാഗങ്ങളായിട്ടുള്ള ശുശ്രൂഷയില്‍ ആദ്യ ഭാഗത്ത് സ്ഥാനാര്‍ത്ഥികള്‍ സഭയുടെ വിശ്വാസ പ്രഖ്യാപനമായ ശല്‍മൂസാ(സമ്മതപത്രം) വായിക്കുകയും അത് ഒപ്പിട്ട് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയ്ക്ക് സമര്‍പ്പിക്കുകയും ചെയ്യും. തുടര്‍ന്ന് പ്രധാന ഭാഗമായ രണ്ടാം ശുശ്രൂഷ ആരംഭിക്കും. ഈ ശുശ്രൂഷയില്‍ പ്രധാനമായിട്ടുള്ളത് പരിശുദ്ധാത്മ ദാനത്തിനായിട്ടുള്ള പ്രാര്‍ത്ഥനയാണ്. മെത്രാഭിഭിഷേക സമയത്താണ് ഓരോരുത്തരും സ്വീകരിക്കുന്ന പുതിയ പേരുകള്‍ പ്രഖ്യാപിക്കുന്നത്.

Signature-ad

അതു കഴിഞ്ഞാല്‍ അവരെ മെത്രാപ്പോലീത്തായ്ക്കടുത്ത സ്ഥാനവസ്ത്രങ്ങള്‍(അംശവസ്ത്രങ്ങള്‍) കാതോലിക്കാ ബാവാ തന്നെ മറ്റ് മെത്രാപ്പോലീത്തമാരുടെ സഹകരണത്തോടെ ധരിപ്പിക്കും. തുടര്‍ന്ന് അവരെ സിംഹാസനങ്ങളില്‍ ഇരുത്തി യോഗ്യന്‍ എന്ന അര്‍ത്ഥം വരുന്ന ”ഓക്‌സിയോസ്” ചൊല്ലി സിംഹാസനം ഉയര്‍ത്തും. ഏഴു പേര്‍ കൂടി വാഴിക്കപ്പെടുന്നതോടെ സഭയിലെ മെത്രാപ്പോലീത്തമാരുടെ എണ്ണം 31 ആകും.

 

Back to top button
error: