NEWS

ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയുടെ യഥാർത്ഥ പേര് എന്ത് ? രാഷ്ട്രപതിക്ക് ലഭിക്കുന്ന  ശമ്പളവും മറ്റ്  ആനുകൂല്യങ്ങളും എതെല്ലാം? 

ന്ത്യയുടെ പതിനഞ്ചാം  രാഷ്ട്രപതിയുടെ യഥാർത്ഥ പേര് ‘ദ്രൗപതി മുർമു’ എന്നായിരുന്നില്ല. ദ്രൗപതി എന്ന പേരിട്ടത് സ്കൂൾ അദ്ധ്യാപകനായിരുന്നു. യഥാർത്ഥ പേര് ‘പുതി’ എന്നായിരുന്നു .
ഒഡീഷയിലെ സന്താള്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ദ്രൗപദി മുര്‍മു.
സന്താലി വിഭാഗക്കാരിൽ ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ മുത്തശിയുടെ പേരാണ് ഇടുന്നത്. ആൺകുഞ്ഞെങ്കിൽ മുത്തശന്റെ പേരും. അങ്ങനെയാണ് മുർമുവിന് പുതി എന്ന് പേരിട്ടത്. എന്നാൽ സ്കൂൾ കാലഘട്ടമായപ്പോഴേയ്ക്കും അദ്ധ്യാപകരിലൊരാൾ മുർമുവിനെ ദ്രൗപതി എന്ന് വിളിക്കുകയായിരുന്നു. കാരണം ചോദിച്ചപ്പോൾ പുതി എന്ന് പേര് ഇഷ്ടമല്ലാത്തതിനാൽ മഹാഭാരതത്തിലെ പേര് വിളിക്കുന്നതാണെന്നായിരുന്നു അദ്ധ്യാപകന്റെ മറുപടി. മുർമുവിന്റെ സ്കൂൾ കാലഘട്ടത്തിൽ മറ്റ് ജില്ലകളിൽ നിന്നുള്ള അദ്ധ്യാപകർ എത്തിയാണ് ഗോത്രവർഗത്തിൽപ്പെട്ട കുട്ടികളെ പഠിപ്പിച്ചിരുന്നത്. പിന്നീട് മാറി വന്ന അദ്ധ്യാപകരും , സഹപാഠികളും ദ്രൗപതി എന്ന് വിളിക്കാൻ തുടങ്ങിയതോടെ പേര് ഇതായി മാറുകയായിരുന്നു.
ആദിവാസി (tribe) വിഭാഗത്തില്‍ നിന്നും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ വ്യക്തിയാണ് മുർമു. ഗോത്ര വര്‍ഗ്ഗക്കാര്‍ കൂടുതലുള്ള മയൂര്‍ഭഞ്ജ് ആണ് ദ്രൗപതിയുടെ നാട്. നിരവധി തവണ രാഷ്ട്രപതി തന്റെ പേര് മാറ്റിയിട്ടുണ്ട് .സ്‌കൂളിലും , കോളേജിലും ടുഡു എന്ന കുടുംബപ്പേരാണ് ദ്രൗപതിയ്ക്ക് ഉണ്ടായിരുന്നത് ( പിതാവിന്റെ പേര്  ബിരാന്‍ചി നാരായണ്‍ ടുഡു. ) ബാങ്ക് ഓഫീസറായ ശ്യാം ചരണിനെ വിവാഹം ചെയ്തതോടെയാണ് ദ്രൗപതി എന്ന പേരിന് ഒപ്പം മുര്‍മു എന്ന് ചേര്‍ത്തത്.
ലോകത്തിലെ ഏറ്റവും വലിയ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമായി അറിയപ്പെടുന്ന രാഷ്ട്രപതി ഭവനിലാണ് ഇന്ത്യന്‍ രാഷ്ട്രപതിയുടെ താമസം. രാജ്യതലസ്ഥാനത്തുള്ള വിശാലമായ ഈ പൈതൃക കെട്ടിടത്തില്‍ നാലു നിലകളിലായി 340 മുറികളുണ്ട്. രണ്ടര കിലോമീറ്ററോളം നീണ്ട് കിടക്കുന്ന ഇടനാഴിയും , വിശാലമായ പൂന്തോട്ടവും രാഷ്ട്രപതി ഭവന്റെ പ്രത്യേകതയാണ്.
രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയില്‍ റിസപ്ഷന്‍ ഹാളുകള്‍, അതിഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള റൂമുകളുമുണ്ട്. രാഷ്ട്രപതിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളും രാഷ്ട്രപതി ഭവന്റെ പരിചരണത്തിനായി ഇരുനൂറിലധികം ജോലിക്കാരുമുണ്ടാകും.
അഞ്ചു ലക്ഷം രൂപയാണ് രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം. കൂടാതെ മറ്റു അലവന്‍സുകളും. 2017-ലാണ് ഒന്നര ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷമാക്കി വര്‍ധിപ്പിച്ചത്.
ഇന്ത്യന്‍ രാഷ്ട്രപതിക്ക് ജീവിത കാലം മുഴുവന്‍ സൗജന്യ മെഡിക്കല്‍ സൗകര്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്.
രാജ്യത്തിനകത്തും  ,പുറത്തും ഏറ്റവും കൂടുതല്‍ സുരക്ഷ ലഭിക്കുന്ന ആളാണ് രാഷ്ട്രപതി. പ്രത്യേകമായി രൂപകല്പന ചെയ്ത ഒരു ബ്ലാക്ക് മെഴ്സിഡസ് ബെന്‍സ് ട600 (W221) പുള്‍മാന്‍ ഗാര്‍ഡിലാണ് രാഷ്ട്രപതി യാത്ര ചെയ്യുന്നത്.
രാഷ്ട്രപതിയുടെ പാര്‍പ്പിടം, ജീവനക്കാര്‍, ഭക്ഷണം, അതിഥികളുടെ ആതിഥ്യം തുടങ്ങിയ ചെലവുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രതിവര്‍ഷം 22.5 ദശലക്ഷം രൂപയോളം ചെലവാക്കുന്നുണ്ട്.
രാഷ്ട്രപതി ഭവന് പുറമെ, രാഷ്ട്രപതിക്ക് രണ്ട് അവധിക്കാല വസതികള്‍ കൂടിയുണ്ട്. –
⚡ ഹൈദരാബാദിലെ രാഷ്ട്രപതി നിലയവും ⚡ഷിംലയിലെ റിട്രീറ്റ് ബില്‍ഡിംഗുമാണിത്.
രാഷ്ട്രപതിക്കും ഭാര്യക്കും /  (ഭർത്താവിനും ) ലോകത്തിലെ ഏത് സ്ഥലത്തേക്കും സൗജന്യ നിരക്കിലാണ് യാത്ര.
രാഷ്ട്രപതി ആയിരിക്കുമ്പോള്‍ മാത്രമല്ല കാലാവധി കഴിഞ്ഞ ശേഷവും നിരവധി ആനുകൂല്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രപതിമാര്‍ക്ക് നല്‍കുന്നുണ്ട്.ഒന്നര ലക്ഷം രൂപയാണ് നിലവിലെ സാഹചര്യത്തിലുള്ള പ്രതിമാസ പെന്‍ഷന്‍ .ഭാര്യമാര്‍ക്ക് 30000 രൂപ പ്രതിമാസ സഹായം കിട്ടും .പൂര്‍ണ്ണമായും ഫര്‍ണിഷ് ചെയ്ത ക്ലാസ് എട്ടനുസരിച്ചുള്ള സര്‍ക്കാര്‍ ബംഗ്ലാവ് താമസത്തിന് കിട്ടും . ഇതിന് ഒരു വാടകയും നല്‍കേണ്ടതില്ല .
രണ്ട് സൗജന്യ ലാന്‍ഡ് ഫോണ്‍ കണക്ഷനുകളും , ഇന്റര്‍നെറ്റ് സൗകര്യങ്ങളോടെയുള്ള മൊബൈല്‍ കണക്ഷനും ലഭിക്കും.ഒരു കാറും , ഡ്രൈവറെയും അനുവദിക്കും .ഒരു പ്രൈവറ്റ് സെക്രട്ടറിയടക്കം അഞ്ച് പേഴ്‌സണല്‍ സ്റ്റാഫുകളെ ലഭിക്കും .ആജീവനാന്തം ട്രെയിനിലും , വിമാനത്തിലും ഒരാള്‍ക്കൊപ്പം യാത്ര ചെയ്യാം.സൗജന്യ വൈദ്യുതിയും , ജല സൗകര്യവും .ഡല്‍ഹി പോലീസിന്റെ സുരക്ഷ
സ്റ്റാഫുകളുടെ ചിലവുകള്‍ക്കായി വര്‍ഷത്തില്‍ 60000 രൂപ നല്‍കും .
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച വനിത മനോഹര നിർമല ഹോൾക്കർ ആണ്. ഡോ. സാക്കിർ ഹുസൈനെതിരെ 1967ലായിരുന്നു ആ മല്‍സരം. എന്നാൽ എട്ട് സ്ഥാനാർഥികളിൽ ഹോള്‍ക്കര്‍ക്ക് ഒറ്റവോട്ടുപോലും ലഭിച്ചില്ല. ഡോ. സാക്കിർ ഹുസൈൻ 471,244 വോട്ടുനേടി വിജയിച്ചു. എന്നാൽ രാഷ്ട്രപതിയായിരിക്കെ 1969ൽ സക്കിർ ഹുസൈൻ അന്തരിച്ചു. തുടര്‍ന്നുനടന്ന തിരഞ്ഞെടുപ്പിൽ വി.വി.ഗിരിക്കെതിരെ മത്സരിച്ച മഹാറാണി ഗുർചരൺ കൗർ ആണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ടാമത്തെ വനിത. 15 സ്ഥാനാർഥികളിൽ കൗർ അഞ്ചാമതെത്തി. വി.വി. ഗിരി 4,01,515 വോട്ടുകൾ നേടിയപ്പോൾ 940 വോട്ടുകൾ മാത്രമാണ് കൗറിന് ലഭിച്ചത്. 1977ൽ മൊറാർജി ദേശായി രുക്മിണി അരുന്തലയെ നാമനിർദ്ദേശം ചെയ്തുവെങ്കിലും അവർ മത്സരിച്ചില്ല.
പിന്നീട് 2002 വരെ ശക്തരായ വനിതാ സ്ഥാനാർഥികൾ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. ഇത് തിരുത്തിയത് ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ ആണ്. സ്വാതന്ത്ര്യസമര സേനാനിയായ ക്യാപ്റ്റൻ ലക്ഷ്മി മത്സരിച്ചതാവട്ടെ ഡോ. എ.പി.ജെ.അബ്ദുൾകലാമിനെതിരെയും. കലാം 9,22,884 വോട്ടു നേടിയപ്പോൾ 1,07,366 വോട്ട് മാത്രമാണ് സൈഗാളിന് ലഭിച്ചത്. ഇത്രയും നീണ്ട കാലത്തെ തിരിച്ചടികള്‍ക്കു ശേഷം 2007ലാണ് ഒരു വനിത ആദ്യമായി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്. പ്രതിഭാ ദേവിസിങ് പാട്ടീൽ. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച നാലാമത്തെ വനിത. യുപിഎ സ്ഥാനാർഥിയായിരുന്ന പ്രതിഭയുടെ വിജയം ഇന്ത്യയ്ക്ക് ആദ്യമായി വനിതാ രാഷ്ട്രപതിയെ സമ്മാനിച്ചു. ബിജെപിയുടെ ഭൈയ്റോണ്‍ സിങ് ഷെഖാവത് ആയിരുന്നു എതിർ സ്ഥാനാർഥി. പ്രതിഭാ പട്ടീൽ 6,38,116 വോട്ടുകൾ നേടിയപ്പോള്‍ ഷെഖാവത്തിന് 3,31,306 വോട്ട് ലഭിച്ചു. 2007 മുതൽ 2012 വരെ പ്രതിഭാ പാട്ടീൽ രാജ്യത്തിന്റെയും സര്‍വസൈന്യാധിപയായി വിരാജിച്ചു.
പ്രതിഭാ പാട്ടീല്‍ സ്ഥാനമൊഴിഞ്ഞശേഷം നടന്ന തിരഞ്ഞെടുപ്പിലും വനിതാ സ്ഥാനാര്‍ഥി മല്‍സരിച്ചു. ലോക്സഭയിലെ ആദ്യ വനിതാസ്പീക്കറായ മീരാകുമാറാണ് യുപിഎ സ്ഥാനാര്‍ഥിയായി മല്‍സരിച്ചത്. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി റാംനാഥ് കോവിന്ദിന് മികച്ച ഭൂരിപക്ഷം ഉറപ്പായിരുന്നതിനാല്‍ മല്‍സരം ഔപചാരികത മാത്രമായി. എങ്കിലും മീരാകുമാറിന് 3,67,314 വോട്ട് ലഭിച്ചു. 7,02,044 വോട്ട് നേടിയാണ് റാംനാഥ് കോവിന്ദ് രാഷ്ട്രപതിയായത്.
ഇത്തവണ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന്റെ മുൻഗാമികൾ ഇവരൊക്കെയാണ്. എട്ടു സ്ഥാനാർഥികളില്‍ ഒറ്റവോട്ടുപോലും കിട്ടാതെ പുറത്തായ മനോഹര നിർമല ഹോൾക്കറിൽ നിന്ന് 6,76,803 വോട്ടുകൾ നേടി ഒരു വനിത രാഷ്ട്രപതിക്കസേരയിൽ ഇരിപ്പുറപ്പിക്കുമ്പോൾ ചരിത്രം തിരുത്തപ്പെടുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ 75 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ ഗോത്രവര്‍ഗ രാഷ്ട്രപതി എന്ന ബഹുമതി മുതല്‍ എണ്ണമറ്റ പുതുമകളും പ്രത്യേകതകളും മുര്‍മുവിന് അവകാശപ്പെട്ടതാണ്. അതിനെല്ലാമപ്പുറം സ്വന്തം ജീവിതത്തിലെ തിരിച്ചടികള്‍ ഒന്നൊന്നായി തരണം ചെയ്ത് രാജ്യത്തെ പരമോന്നത പദവി വരെയെത്തിയ ഒരു സ്ത്രീയുടെ സമാനതകളില്ലാത്ത യാത്രയുടെ സ്വാഭാവികപരിണാമവും. ഓരോ ഇന്ത്യന്‍ വനിതയ്ക്കും ഓരോ ഇന്ത്യന്‍ പൗരനും അഭിമാനിക്കാവുന്ന നിമിഷം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: