KeralaNEWS

സാമൂഹികപ്രതിബദ്ധത ഉള്‍പ്പെടുത്തിയുള്ള പുതിയ പാഠപുസ്തകങ്ങള്‍ പുറത്തിറക്കും: മന്ത്രി ശിവന്‍കുട്ടി

ഠ ഇനി ഫോക്കസ് ഏരിയ ഉണ്ടാവില്ല, കഠിനാധ്വാനികളേ മുന്നിലെത്തൂ എന്നും മന്ത്രി

തിരുവനന്തപുരം: സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ പാഠപുസ്തകങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഫോക്കസ് ഏരിയകള്‍ ഇനിയുള്ള ഒരു പരീക്ഷകളിലും നല്‍കില്ലെന്നും മികച്ച രീതിയില്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ മാത്രമേ മത്സര ഓട്ടത്തില്‍ മുന്നിലെത്തൂ എന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികളുടെ ബൗദ്ധികവും ആരോഗ്യകരവുമായ വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. 3500 കോടി രൂപയാണ് സംസ്ഥാനത്തെ സ്‌കൂളുകളുടെ വികസനത്തിനായി അനുവദിച്ചിരിക്കുന്നത്. വര്‍ത്തമാനകാലഘട്ടത്തിലെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയ്ക്കും മാറ്റത്തിനും അനുസരിച്ച് വിദ്യാര്‍ഥികള്‍ വിവിധ കോഴ്സുകള്‍ തിരഞ്ഞെടുത്ത് പഠിച്ച് മുന്നേറണമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിന് കോന്നി എംഎല്‍എ കെ.യു. ജനീഷ് കുമാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനം ലക്ഷ്യമിട്ട് സിവില്‍ സര്‍വീസ് അക്കാദമിയുടെ സബ് സെന്റര്‍ കോന്നി മണ്ഡലത്തില്‍ അനുവദിച്ചെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഇതിനകം പ്രവേശന പരിപാടി അക്കാദമിയില്‍ ആരംഭിച്ചു കഴിഞ്ഞു.

അങ്കണവാടി മുതല്‍ സിവില്‍ സര്‍വീസ് അക്കാദമി വരെ വിദ്യാര്‍ഥികള്‍ക്ക് വേണ്ട എല്ലാ പരിശീലനവും കൃത്യമായി ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കും. ട്രൈബല്‍ മേഖലയില്‍നിന്നുള്ള എട്ട് പേര്‍ അടക്കം നൂറോളം വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയിരിക്കുന്നതെന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും സിവില്‍ സര്‍വീസിന്റെ പടവുകളില്‍ കോന്നിയുടെ കൈയ്യൊപ്പ് ചാര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

Back to top button
error: