KeralaNEWS

കൂടപ്പിറപ്പുകൾ തമ്മിൽ സ്വത്തു വീതം വയ്ക്കുന്നതിനെ ചൊല്ലി തർക്കം, പിതാവിന്റെ ഓക്സിജൻ സിലിണ്ടർ വിട്ടുനൽകാതെ മകൾ

കട്ടപ്പന: സഹോദരങ്ങൾ തമ്മിലുള്ള രൂക്ഷമായ തർക്കത്തിനൊടുവിൽ സ്വത്ത് വീതംവച്ചപ്പോൾ 85 വയസ്സുകാരനായ പിതാവിന് ഓക്സിജൻ സിലിണ്ടർ വിട്ടുനൽകാൻ തയ്യാറാകാതെ ഒരു മകൾ. പൊലീസും നാട്ടുകാരും ജനപ്രതിനിധികളും ഇടപെട്ടിട്ടും മകൾ സിലിണ്ടർ വിട്ടുനൽകാൻ കൂട്ടാക്കിയില്ല.

സംഭവം നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. 85 വയസ്സുകാരനു വർഷങ്ങളായി ശ്വാസതടസ്സമുണ്ട്. ശ്വാസതടസ്സം പരിഹരിക്കുന്നതിനായി സർക്കാർ ആശുപത്രിയിൽനിന്ന് 500 രൂപ മാസ വാടകയ്ക്ക് ഇവർക്ക് ഒരു ഓക്സിജൻ സിലിണ്ടർ കൈമാറി. സ്വത്ത് വീതം വച്ചതോടെ ഒരു മകൾ പിതാവിൻ്റെ സംരക്ഷണ ചുമതല ഏറ്റെടുത്തു. എന്നാൽ മുമ്പ് പരിപാലിച്ചിരുന്ന മകളുടെ വീട്ടിലായിരുന്നു ഓക്സിജൻ സിലിണ്ടർ. സിലിണ്ടർ കൈമാറണമെന്ന് ആവശ്യപ്പെട്ടതോടെ മകൾ വിസമ്മതിക്കുകയായിരുന്നു.

Signature-ad

ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള ഓക്സിജൻ സിലിണ്ടറിന്റെ ജാമ്യം താനാണെന്നും സിലിണ്ടർ നശിച്ചാൽ ഉത്തരവാദിത്തം തന്റെ പേരിലാകുമെന്നും സിലിണ്ടർ കൈവശമുള്ള മകൾ വാദിക്കുന്നു. എന്നാൽ ഓക്സിജൻ സിലിണ്ടറിന്റെ സമ്പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സന്നദ്ധത അറിയിച്ചിട്ടും വിട്ടുനൽകാൻ ഈ മകൾ കൂട്ടാക്കിയില്ല. വിഷയം പരിഹരിക്കാൻ ചർച്ച പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പും പൊലീസും ജനപ്രതിനിധികളും അറിയിച്ചു.

സിലിണ്ടർ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസും ആരോഗ്യവകുപ്പ് ഡോക്ടർമാരും ഇടപെട്ടെങ്കിലും പരിഹാരമായില്ല. സ്വത്തു വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടു പൊലീസ് സ്റ്റേഷനിൽ പരാതി നൽകി എന്നതാണത്രേ വൈരാഗ്യ കാരണം. പരിഹാരമായില്ലെങ്കിൽ കടുത്ത നടപടിയിലേക്കു പോകാനാണു പൊലീസ് തീരുമാനം. 4 മക്കളിൽ ഒരു മകളെ തമിഴ്നാട്ടിലാണ് വിവാഹം ചെയ്ത് അയച്ചിരിക്കുന്നത്. ഏക മകൻ പിതാവിനെ പരിപാലിക്കാൻ തയാറല്ല. രണ്ടു പെൺമക്കൾ മാറിമാറിയാണ് സമീപകാലം വരെ പിതാവിനെ പരിചരിച്ചിരുന്നത്.

Back to top button
error: