NEWSWorld

യുഎഇയില്‍ മൂന്ന് പുതിയ മങ്കിപോക്‌സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ മൂന്ന് പുതിയ മങ്കിപോക്‌സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗത്തിനെതിരായ പ്രതിരോധ മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും യാത്ര ചെയ്യുമ്പോഴും വലിയ ആള്‍ക്കൂട്ടങ്ങളിലും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

രോഗത്തെ നേരിടാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുക, ഫോളോ അപ്, പകര്‍ച്ചവ്യാധികളെ നേരിടാന്‍ ആരോഗ്യ മേഖല സജ്ജമാണെന്ന് ഉറപ്പാക്കുക എന്നീ നടപടികള്‍ നിരന്തരം സ്വീകരിക്കുന്നുണ്ട്.

Signature-ad

മേയ് 24നാണ് യുഎഇയില്‍ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് യുഎഇയിലെത്തിയ 29 വയസുകാരനായ സന്ദര്‍ശകനാണ് രോഗം സ്ഥിരീകരിച്ചത്. പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള സുസ്ഥിരമായ പ്രതിരോധവും സംരക്ഷണവും ലക്ഷ്യമിട്ട് രാജ്യത്ത് ആരോഗ്യ വിഭാഗങ്ങളുമായി സഹകരിച്ച് അന്താരാഷ്‍ട്ര മാനദണ്ഡങ്ങള്‍ പ്രകാരം ഒരു പകര്‍ച്ചവ്യാധി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ചവരെ പൂര്‍ണമായും സുഖപ്പെടുന്നതുവരെ ആശുപത്രികളില്‍ തന്നെ ചികിത്സിക്കുകയാണ് ചെയ്യുന്നത്. ഇവരുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് 21 ദിവസത്തില്‍ കുറയാത്ത ഭവന നിരീക്ഷണവും നിഷ്‍കര്‍ഷിച്ചിട്ടുണ്ട്. ഈ സമയത്ത് ആരോഗ്യസ്ഥിതിയും ഭവന നിരീക്ഷണ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്നും നിരീക്ഷിക്കും.

അതേസമയം മങ്കിപോക്സിനെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. 75 രാജ്യങ്ങളിലായി പതിനാറായിരം പേരിൽ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. മങ്കിപോക്സ്‌ രോഗപ്പകർച്ച ചർച്ച ചെയ്യാൻ ചേർന്ന ലോകാരോഗ്യ വിദഗ്ധരുടെ ഉന്നതതല യോഗത്തിന് ശേഷം ഡബ്ല്യുഎച്ച്ഒ മേധാവി റ്റെഡ്‌റോസ്‌ അധാനോം ആണ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്.

മൂന്ന് സാഹചര്യങ്ങൾ ചേർന്ന് വന്നാൽ മാത്രമാണ് ഒരു രോഗത്തെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്നത്. അസാധാരണവും അതിവേഗത്തിലുള്ളതുമായ രോഗപ്പകർച്ച ഉണ്ടാകുമ്പോൾ, ആ രോഗപ്പകർച്ച രാജ്യാതിരുകൾ ഭേദിച്ച് പടരുമ്പോൾ, രോഗത്തെ തടയണമെങ്കിൽ എല്ലാ രാജ്യങ്ങളുടെയും കൂട്ടായ ശ്രമം ആവശ്യമുള്ളപ്പോൾ. മങ്കിപോക്സിന്‍റെ കാര്യത്തിൽ ഇതെല്ലം ചേർന്നുവന്നിരിക്കുന്നു.

Back to top button
error: