തിരുവനന്തപുരം: ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ വിമര്‍ശനവുമായി ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സലീം മടവൂരിന്റെ പ്രതികരണം. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്. ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാന്‍ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ ജില്ലാ കളക്ടറാക്കിയെന്ന വാര്‍ത്ത വേദനിപ്പിക്കുന്നെന്നാണ് സലീം മടവൂരിന്റെ പോസ്റ്റില്‍ പറയുന്നത്. ‘അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചാലും ഈ കൈകള്‍ മധുരതരമാകില്ല’ (ലേഡി മാക്ബത്ത്). ശ്രീറാം വെങ്കട്ടറാമിന് കൊടുക്കാന്‍ പറ്റിയ കസേരകള്‍ കേരളത്തില്‍ വേറെ ധാരാളമുണ്ട്. ചുരുങ്ങിയത് ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാന്‍ പോലും അഹങ്കാരം അനുവദിക്കാത്ത ഇവനെ ജില്ലാ കലക്ടറാക്കിയെന്ന വാര്‍ത്ത വേദനിപ്പിക്കുന്നു’.- സലീം മടവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആലപ്പുഴ കളക്ടറും ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യയുമായ രേണു രാജിനെ എറണാകുളത്തേക്ക് മാറ്റി. തിരുവനന്തപുരത്ത് നവ്‌ജ്യോത് ഖോസയ്ക്ക് പകരം കായികവകുപ്പ് ഡയറക്ടറായിരുന്ന ജെറോമിക് ജോര്‍ജ്ജ് കളക്ടറാകും. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാകുന്ന ഖോസയ്ക്ക് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ എംഡിയുടെ ചുമതലയുമുണ്ട്. കെഎസ്‌ഐഡിസി എംഡി എം ജി രാജമാണിക്യത്തെ റൂറല്‍ ഡെവലപ്‌മെന്റ് കമ്മീഷണറാക്കി. എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക്ക് പിആര്‍ഡി ഡയറക്ടറാകും. ജിയോളജി വകുപ്പിന്റെ അധിക ചുമതലയും ജാഫര്‍ മാലിക്കിനുണ്ട്. കെഎസ്‌ഐഡിസി എംഡിയായി ഹരി കിഷോറിനെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനമായി.