ദില്ലി: രണ്ട് മാസത്തിനുള്ളിൽ ക്രെഡിറ്റ് കാർഡുകൾ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കും. കഴിഞ്ഞ പണനയ അവലോകന യോഗത്തിനു ശേഷം ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കും എന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കുന്നത് രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ദിലീപ് അസ്‌ബെ പറഞ്ഞു.
റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്ത ശേഷം തുടർന്ന് ഈ സേവനം വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയിലും ലഭ്യമാകും. ഇതിനായി
എസ്ബിഐ കാർഡുകൾ, ആക്സിസ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ചർച്ച നടക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ജൂണിൽ ചേർന്ന പണ നയ അവലോകന യോഗത്തിലാണ് ആർബിഐ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്യാൻ അനുവദിച്ചത്.
സാധാരണ ഒരു കടയിൽ കയറി ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ പണം നല്കാൻ യുപിഐ ഉപയോഗിക്കാറുണ്ട്. അതായത് ഗൂഗിൾ പേ, ഫോൺപേ, ആമസോൺപേ പോലുള്ള ആപ്പുകൾ വഴി ക്യൂആർ കോഡ് സ്കാൻ ചെയ്ത് എളുപ്പത്തിൽ ഓൺലൈൻ ആയി പണം അടയ്ക്കും. ഇനി അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ എന്ത് ചെയ്യും? ഈ സാഹചര്യത്തിലാണ് ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കുന്നതിന്റെ ഗുണം. ‘ബൈ നൗ പേ ലേറ്റർ’ എന്നതാണ് ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം തന്നെ. അതായത് ‘ആദ്യം ആവശ്യം നടക്കട്ടെ പണം പിന്നീട് നൽകൂ’ എന്നുതന്നെ.
എന്നാൽ മുൻപ് ക്രെഡിറ്റ് കരടുമായി യു പി ഐ ലിങ്ക് ചെയ്യാത്തതിനാൽ ഡെബിറ്റ് കാർഡ് സേവങ്ങൾ പോലെ ക്രെഡിറ്റ് കാർഡ് സേവങ്ങൾ ലഭിക്കില്ലായിരുന്നു. എന്നാൽ ആർബിഐ പുതിയ നിർദേശം പുറപ്പെടുവിച്ചതോടെ ഇനി മുതൽ ക്രെഡിറ്റ് കാർഡും സ്മാർട്ടാകും. സേവിങ്സ്, കറന്റ് അക്കൗണ്ടുകളുമായാണ് ഡെബിറ്റ് കാർഡ് വഴി നിലവിൽ യുപിഐയ്ക്ക് ബന്ധമുള്ളത്. അതായത് ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ കയ്യിലുള്ള പണം നിങ്ങൾക്ക് യുപിഐ ഇടപാട് വഴി ഉപയോഗിക്കാൻ സാധിക്കുകയുള്ളു.
ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യുന്നതോടെ നിങ്ങൾക്ക് കടമായി ലഭിക്കുന്ന പണവും യുപിഐ വഴി ഉപയോഗിക്കാം. ഇ- പോസ് മെഷീൻ വഴി മാത്രമേ നിലവിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ സാധിക്കൂ. യുപിഐയുമായി ക്രെഡിറ്റ് കാർഡിനെ ബന്ധിപ്പിച്ചാൽ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പേയ്മെന്റ് നടത്താം. കൂടാതെ ഓൺലൈൻ പേയ്‌മെന്റുകൾക്ക് കാർഡ് വിവരങ്ങൾ കഷ്ടപ്പെട്ട് ടൈപ്പ് ചെയ്ത് നൽകുന്നതിന് പകരം ക്രെഡിറ്റ് കാർഡ് യുപിഐ ഉപയോഗിച്ച് ഈസിയായി പേയ്മെന്റ് നടത്താം