ന്യൂഡൽഹി: ഒരു രൂപ പോലും മുടക്കില്ലാതെ ട്രെയിനിൽ യാത്ര ചെയ്യാം.ഞെട്ടേണ്ട,ഇന്ത്യയിലെ കാര്യം തന്നെയാണ് പറയുന്നത്.കഴിഞ്ഞ 73 വർഷമായി ഇങ്ങനെയൊരു ട്രെയിൻ ഇന്ത്യയിൽ കൂടി ചൂളം വിളിച്ച് ഓടുന്നുണ്ട്.
ഈ ട്രെയിന്‍ പഞ്ചാബിന്റെയും ഹിമാചല്‍ പ്രദേശിന്റെയും അതിര്‍ത്തികളിലൂടെയാണ് ചൂളംകുത്തി പായുന്നത്. 25 ഗ്രാമങ്ങളുടെയും 300 ഓളം യാത്രക്കാരുടെയും പ്രധാന ആശ്രയമായ ഈ ട്രെയിൻ ഭക്ര-നംഗല്‍ ട്രെയിന്‍ എന്നാണ് അറിയപ്പെടുന്നത്. ട്രെയിനിലെ യാത്ര തികച്ചും സൗജന്യമാണ്.
1948 ലാണ് ഭക്ര-നംഗല്‍ റെയില്‍ പാത പൂര്‍ത്തിയായത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ട്രെയിറ്റ് ഗ്രാവിറ്റി അണക്കെട്ടായ ഭക്ര-നംഗല്‍ അണക്കെട്ട് നിര്‍മ്മിക്കുന്ന അവസരത്തിലാണ് ഇതിന്റെ സര്‍വീസ് ആരംഭിച്ചത്. പ്രദേശവാസികളെയും തൊഴിലാളികളെയും കൊണ്ടുപോകുന്നതിനാണ് ഇത് ഉപയോഗിച്ചിരുന്നത്. അണക്കെട്ടിന്റെ നിര്‍മ്മാണം 1963 -ല്‍ പൂര്‍ത്തിയായി.
ട്രെയിന്‍ ആദ്യം സ്റ്റീം എഞ്ചിനുകള്‍ ഉപയോഗിച്ചാണ് ഓടിയിരുന്നത്. പിന്നീട്, 1953-ല്‍, അമേരിക്കയില്‍ നിന്ന് മൂന്ന് പുതിയ എഞ്ചിനുകള്‍ കൂടി ഇറക്കുമതി ചെയ്തു. എന്നാല്‍, ട്രെയിന്‍ ഇപ്പോഴും 60 വര്‍ഷം പഴക്കമുള്ള ആ പഴയ എന്‍ജിന്‍ ഉപയോഗിച്ച് തന്നെയാണ് ഓടുന്നത്.ട്രെയിനിന്റെ കോച്ചുകളാകട്ടെ കറാച്ചിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്.
നംഗല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 7:05 ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 8:20 ന് ഭക്രയില്‍ എത്തിച്ചേരും. അതേ ദിവസം, അത് വീണ്ടും നംഗലില്‍ നിന്ന് 3:05 ന് പുറപ്പെട്ട് 4:20 ന് ഭക്രയില്‍ എത്തുന്നു. എഞ്ചിന്‍ മണിക്കൂറില്‍ 18 മുതല്‍ 20 ലിറ്റര്‍ ഡീസലാണ് ഉപയോഗിക്കുന്നത്.