IndiaNEWS

തൃണമൂല്‍ ജനറല്‍ സെക്രട്ടറിയും മമത മന്ത്രിസഭയിലെ രണ്ടാമനുമായ പാര്‍ഥ ചാറ്റര്‍ജി അറസ്റ്റില്‍; ഇ.ഡി. നടപടി സഹായി അര്‍പിതയില്‍നിന്ന് 20 കോടി കണ്ടെത്തിയ പിന്നാലെ

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജി അറസ്റ്റില്‍.
പശ്ചിമബംഗാള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തിയ അധ്യാപക നിയമനത്തിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് 26 മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) ആണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്.

അടുത്ത അനുയായിയായ അര്‍പ്പിത മുഖര്‍ജിയുടെ വസതിയില്‍ നിന്ന് 20 കോടി രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തതിനു പിന്നാലൊയായിരുന്നു ഇ.ഡി. നടപടികള്‍. പശ്ചിമ ബംഗാള്‍ മന്ത്രിസഭയിലെ രണ്ടാമനായ പാര്‍ഥ ചാറ്റര്‍ജി നിലവില്‍ വ്യവസായ-വാണിജ്യ മന്ത്രിയാണ്. അഴിമതി നടക്കുമ്പോള്‍ ചാറ്റര്‍ജിയായിരുന്നു വിദ്യാഭ്യാസ മന്ത്രി.

കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് പാര്‍ഥ ചാറ്റര്‍ജിയുടെ ഉറ്റ അനുയായി അര്‍പ്പിതയുടെ വീട്ടില്‍ നിന്ന് 20 കോടി രൂപ കണ്ടെടുത്തത്. 2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണല്‍ യന്ത്രത്തിന്റെയും ബാങ്ക് ജീവനക്കാരുടെയും സഹായത്തോടെയാണ് ഇത് എണ്ണി പൂര്‍ത്തിയാക്കിയത്. 20 മൊബൈല്‍ ഫോണും ഇവരുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്തു.

പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനിലെയും പശ്ചിമ ബംഗാള്‍ പ്രൈമറി എജുക്കേഷന്‍ ബോര്‍ഡിലെയും റിക്രൂട്ട്‌മെന്റ് അഴിമതിയില്‍ നിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇഡിയുടെ നിഗമനം. ബംഗാളിലെ മുന്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു പാര്‍ഥ ചാറ്റര്‍ജി. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് അഴിമതിയില്‍ പങ്കുണ്ടെന്നാണ് ഇ ഡി സംശയിക്കുന്നത്.

അര്‍പ്പിതയില്‍നിന്ന് പണം കണ്ടെത്തിയ പിന്നാലെ രാവിലെ എട്ടോടെയാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ ചാറ്റര്‍ജിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയതും അറസ്റ്റ് ചെയ്തതും. തുടര്‍ച്ചയായി ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് മന്ത്രി കഴിഞ്ഞ ദിവസം അവശനാകുകയും എസ്.എസ്.കെ.എം. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എത്തി അദ്ദേഹത്തെ പരിശോധിക്കുകയും ചെയ്തിരുന്നു.

ബംഗാള്‍ മുഖ്യമന്ത്രി മമത ഇഡിയെ വെല്ലുവിളിച്ച് മണിക്കൂറുകള്‍ക്കകമാണ് മന്ത്രിസഭയിലെ രണ്ടാമനെ ഇഡി കുടുക്കിയത്. ഇ.ഡി.യോ സി.ബി.ഐയോ വീട്ടില്‍ വന്നാല്‍ സ്വീകരിച്ചിരുത്തുമെന്നും പൊരികഴിക്കാന്‍ കൊടുക്കുമെന്നും വ്യാഴാഴ്ച തൃണമൂല്‍ റാലിയില്‍ മമത പ്രസംഗിച്ച് 24 മണിക്കൂര്‍ കഴിയുംമുമ്പേയായിരുന്നു റെയ്ഡുകള്‍. തൊണ്ണൂറോളം ഉദ്യോഗസ്ഥരാണ് സംസ്ഥാനവ്യാപകമായി പരിശോധനയില്‍ പങ്കെടുത്തത്. കേന്ദ്രസേനയുടെ സുരക്ഷാസംവിധാനം ഇവര്‍ക്കായി ഒരുക്കിയിരുന്നു.

മോദിയുമായും ബി.ജെ.പിയുമായും ശക്തമായി ഏറ്റുമുട്ടുന്ന മമതയ്ക്ക്് മന്ത്രിയുടെ അറസ്റ്റ് കനത്ത തിരിച്ചടിയായി. ബി.ജെ.പി. ഇതിനോടകം മമതയെ അടിക്കാനുള്ള വടിയായി വിഷയം ഏറ്റെടുത്തുകഴിഞ്ഞു. എന്നാല്‍ ഇഡിയെ ഉപയോഗിച്ച് മോദി പകവീട്ടുകയാണെന്നാണ് തൃണമൂല്‍ വാദം.

Back to top button
error: