നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നും തന്റെ സാന്നിധ്യത്തിൽ ദിലീപും സഹോദരനും മറ്റും ഈ ദൃശ്യങ്ങൾ കണ്ടെന്നുമുള്ള ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് വീണ്ടും കേസ് എടുത്തത്. ഈ കുറ്റപത്രം കോടതിയിൽ എത്തുമ്പോൾ ദിലീപിനെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ സംഘം എത്രമാത്രം മുന്നേറി എന്ന സംശയമുണ്ട്.
ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെ പ്രതി ചേര്‍ത്തുള്ള കുറ്റപത്രമാണ് അങ്കമാലി മജിസ്ടേറ്റ് കോടതിയിൽ കൊടുക്കുക. തുടരന്വോഷണ റിപ്പോര്‍ട്ട് വിചാരണ കോടതിക്കും കൈമാറും. ദിലീപിനെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം കൂടി ചുമത്തും.
അനുബന്ധ കുറ്റപത്രത്തില്‍ ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് ഏക പ്രതി. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ 2017 നവംബര്‍ മാസത്തില്‍ ദിലീപിന് എത്തി എന്നുതന്നെയാണ് കുറ്റപത്രത്തിലുളളത്. സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങള്‍ നശിപ്പിക്കുകയോ മനപൂര്‍വം മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തല്‍. ഇതിന്‍റെ പേരിലാണ് ശരത്തിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ദിലീപിന്‍റെ വീട്ടില്‍ ശരത് കൊണ്ടുവന്ന ദൃശ്യങ്ങള്‍ കണ്ടതിന് താൻ സാക്ഷിയാണ് എന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നത്.
ദിലീപും സഹോദരന്‍ അനൂപും സുഹൃത്ത് ശരത്തുമടക്കമുളളവര്‍ നടത്തുന്ന സംഭാഷണത്തിന്‍റെ ശബ്ദരേഖ, അനൂപിന്‍റെ ഫോണിന്‍റെ ഫൊറന്‍സിക് പരിശോധനയില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സംബന്ധിച്ചുളള നാലുപേജ് വിവരണം, ഇത്തരം വിശദാംശങ്ങളാണ് ക്രൈബ്രാഞ്ച് തെളിവായി കണ്ടെത്തിയിട്ടുള്ളത്. സാക്ഷിപ്പട്ടികയിൽ കാവ്യ മാധാവന്‍, മഞ്ജു വാര്യര്‍, സിദ്ദീഖ്, ദിലീപിന്‍റെ സഹോദരന്‍, സഹോദരി ഭര്‍ത്താവ് തുടങ്ങിയവര്‍ നിരവധി പേര്‍ ഉണ്ട്.
കാവ്യ മാധവനെ പ്രതിയാക്കാൻ തെളിവില്ലാത്തതിനാൽ സാക്ഷിയാക്കിയാണ് ക്രൈംബ്രാഞ്ചിന്റെ അനുബന്ധ കുറ്റപത്രം. കാവ്യ ഉൾപ്പെടെ 102 പുതിയ സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത് . നടി ആക്രമിക്കപ്പെട്ട ദൃശ്യം ദിലീപിന്‍റെ കയ്യിലുണ്ട്. എന്നാൽ അത് കണ്ടെത്താൻ കഴിയാത്ത വിധം ഒളിപ്പിച്ചെന്നാണ് അനുബന്ധ കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. അഭിഭാഷകർ തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നെന്നായിരുന്നു ക്രൈംബ്രാഞ്ച് വാദമെങ്കിലും അഭിഭാഷകരെ പ്രതിയോ സാക്ഷിയോ ആക്കിയിട്ടില്ല.