CrimeNEWS

മാനസികാരോഗ്യം മോശമായെന്ന്; പള്‍സര്‍ സുനിക്ക് മൂന്നു ദിവസം ചികിത്സ

തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ജാമ്യ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നു മാനസികാരോഗ്യം മോശമായെന്ന സുനിയുടെ പരാതിയെത്തുടര്‍ന്നാണു ചൊവ്വാഴ്ച രാത്രി കൊച്ചിയില്‍നിന്ന് പടിഞ്ഞാറേ കോട്ടയിലെ ആശുപത്രിയിലെത്തിച്ചത്.

മൂന്നു ദിവസം ചികിത്സിക്കാനാണു തീരുമാനം. സുനിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച സെല്ലിനു പുറത്തു കാവലുണ്ടെങ്കിലും പ്രത്യേക സുരക്ഷ ഒരുക്കിയിട്ടില്ല. വിശദ പരിശോധനകള്‍ക്കുശേഷം മാനസികാരോഗ്യനില സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം.

Signature-ad

അതേസമയം, ഇവിടെ ചികിത്സ വേണ്ടെന്നും മറ്റൊരു ആശുപത്രിയിലേക്കു മാറ്റണമെന്നുമാണ് സുനിയുടെ ആവശ്യം. അധികൃതര്‍ ഇത് മുഖവില്ക്കെടുത്തില്ല. സുനിക്ക് കാര്യമായ പ്രശ്നങ്ങളില്ലെന്നാണു ഡോക്ടര്‍മാരുടെ നിലപാട്. രാത്രി ഇയാള്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലില്‍ സുനി സുഖമായി ഉറങ്ങിയെന്നും പ്രശ്നങ്ങളുണ്ടാക്കിയില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

എന്നാല്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലില്‍ സ്വതന്ത്രമായി നടക്കാന്‍ കഴിയുന്നില്ലെന്നും കാക്കനാട് ജയിലിലും ഇതേ അവസ്ഥയായിരുന്നെന്നും അതാണു കടുത്ത വിഷാദത്തിനു കാരണമെന്നും സുനി പറഞ്ഞതായി ആശുപത്രി അധികൃതര്‍ പറയുന്നു.

സെന്‍ട്രല്‍ ജയിലിലേക്കു മാറ്റണമെന്ന ഇയാളുടെ ആവശ്യവും അധികൃതര്‍ പരിഗണിച്ചില്ല. ഏതാനും നാളുകള്‍ക്കുമുമ്പ് സുനിയെ തൃശൂര്‍ മെഡി. കോളജ് ആശുപത്രിയിലെ സൈക്യാട്രിക് വിഭാഗത്തില്‍ പരിശോധനയ്ക്ക് എത്തിച്ചിരുന്നു. തുടര്‍ന്ന് കാര്യമായ പ്രശ്നങ്ങളില്ലെന്നുകണ്ട് ഉടന്‍ തിരിച്ചു കൊണ്ടുപോയി.

 

Back to top button
error: