വയനാട്: ബത്തേരി വാകേരിയില്‍ നിരവധി വളര്‍ത്തു മൃഗങ്ങളെ കൊന്ന് ഭീതിപരത്തിയ കടുവയെ വനംവകുപ്പ് പിടികൂടി. കക്കടംകുന്ന് ഏദന്‍വാലി എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് 13 വയസുള്ള പെണ്‍ കടുവ കുടുങ്ങിയത്. പ്രാഥമിക ചികിത്സ നല്‍കാനായി കടുവയെ ബത്തേരിയിലെ മൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലാണ് ചികിത്സ.
ബത്തേരി മേഖലയില്‍ നിരവധി വളര്‍ത്തു മൃഗങ്ങളെ കടുവ കൊന്നിരുന്നു. ഈ മാസം 12 ന് കക്കടംകുന്ന് ഏദന്‍വാലി എസ്റ്റേറ്റില്‍ കടുവയെത്തി വളര്‍ത്തു നായയെ കൊന്നിരുന്നു. പിന്നീടാണ് എസ്റ്റേറ്റിനുള്ളില്‍ കടുവാ കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചത്. ഇന്ന് രാവിലെ വീണ്ടും എസ്റ്റേറ്റിനുള്ളിലെത്തിയ കടുവ വനം വകുപ്പ് ഒരുക്കിയ കെണിയില്‍ അകപ്പെട്ടു.
13 വയസ് പ്രായമുള്ള പെണ്‍കടുവയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വനം വകുപ്പ് അറിയിച്ചു. കൂട്ടിലായ കടുവയെ മയക്കുവെടി വച്ച ശേഷം പ്രാഥമിക ചികിത്സ നല്‍കും. ഇതിനായി ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് കടുവയെ മാറ്റിയിട്ടുണ്ട്. കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് എസ്റ്റേറ്റിലെ ജീവനക്കാര്‍ പണിമുടക്ക് തുടങ്ങിയിരുന്നു.