KeralaNEWS

എന്നെ ആക്രമിച്ച ആ ചെറിയ കുഞ്ഞ് 19 കേസിൽ പ്രതി, അത് എടുത്ത് ഒക്കത്ത് വെയ്ക്കേണ്ട.’ വിമാന യാത്രാ വിവാദത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍.ഡി.എഫ് കണ്‍വീനറും മുന്‍മന്ത്രിയുമായ ഇപി ജയരാജന്‍ ആക്രമിച്ചു എന്ന പരാതിയില്‍ കേസ് എടുക്കില്ലെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും സംഭവമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ ജയരാജന്‍ ആക്രമിച്ചതായി പരാതി നല്‍കിയതെന്നും പിണറായി നിയമസഭയിൽ പറഞ്ഞു.
ആ യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാനും കയ്യേറ്റം ചെയ്യാനുമാണ് ശ്രമമുണ്ടായത്. തടയാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനും പേഴ്‌സണല്‍ അസിസ്റ്റന്റിനും പരിക്കേല്‍ക്കുകയും ചെയ്തു. ഇത് സംബന്ധിച്ച്‌ വലിതയുറ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
തങ്ങളെ വിമാനത്തില്‍ നിന്ന് ആരും ആക്രമിച്ചതായി പ്രതികളാരും പൊലീസിനോടോ കോടതിയിലോ ആ സമയത്ത് പറഞ്ഞിരുന്നില്ല. പ്രതികള്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് ആക്രമിച്ചു എന്ന് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പറഞ്ഞ കാര്യം വസ്തുതാവിരുദ്ധമാണ് എന്നും മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും അറിയിക്കുകയുമായിരുന്നു.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പ് ഉപയോഗിച്ചാണ് അക്രമണ പരിപാടി നടത്തിയതെന്നും മുന്‍ എംഎല്‍എകൂടിയായ യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹിയുടെ നേതൃത്വത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നു പിണറായി പറഞ്ഞു.

അക്രമം നടത്താനുള്ള ലക്ഷ്യത്തോടെയാണ് പ്രതികള്‍ വിമാനത്തില്‍ കയറിയത്. വിമാനത്തിലെ യാത്രക്കാരെല്ലാം ഭയപ്പാടോടെയാണ് ഇത് നോക്കിക്കണ്ടത്. വിമാനത്തില്‍ സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനും ഭാര്യയും ഉണ്ടായിരുന്നു. തനിക്ക് നേരെ വന്ന ആക്രമികളെ ഇ.പി ജയരാജന്‍ തടയാന്‍ ശ്രമിച്ചു. അത് മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ ജയരാജനും ഗണ്‍മാനും അവസരോചിതമായി തടഞ്ഞതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് നേരെ അനിഷ്ടസംഭവങ്ങള്‍ നടക്കാതിരുന്നതെന്ന് പിണറായി പറഞ്ഞു.
തനിക്ക് നേരെ വധശ്രമവും അക്രമണവും ഉണ്ടാകുന്നത് ആദ്യമല്ല. പലതവണ തനിക്ക് നേരെ തോക്കുചൂണ്ടിയിട്ടുണ്ട്. അന്ന് അന്വേഷണം നടത്തിയ ഡിവൈഎസ്പി അപ്പോള്‍ പറഞ്ഞത് അത് കളിത്തോക്കിയിരുന്നു എന്നാണ്. പിന്നെ പ്രതിപക്ഷ നേതാവ് പറയുന്നു വിമാനത്തില്‍ പ്രതിഷേധിച്ചത് ചെറിയ കുഞ്ഞുങ്ങളാണെന്ന്. സാര്‍, ആ ചെറിയ കുഞ്ഞില്ലേ അയാള്‍ 19 കേസില്‍ പ്രതിയാണ്. അവരെയെടുത്ത് ഒക്കത്തുവക്കാന്‍ മുതിരേണ്ടെന്നും പിണറായി ഓർമപ്പെടുത്തി.

Back to top button
error: