കണ്ണൂര്‍: വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ച്ചീളുകള്‍ വെച്ച സംഭവത്തില്‍ പോലീസും ആര്‍.പി.എഫും അന്വേഷണം തുടങ്ങി. 17-ാം തീയതി മുതല്‍ കണ്ണൂരിലെ വിവിധയിങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി സംഭവം ആവര്‍ത്തിക്കുന്നതിനാല്‍ അട്ടിമറിശ്രമമടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
ആദ്യം കണ്ണൂര്‍ ആനയിടുക്കിലും പിന്നീട് ചിറക്കലിലും റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ച്ചീളുകള്‍ കൂട്ടത്തോടെ നിരത്തിവെച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വളപട്ടണത്തും സമാനസംഭവമുണ്ടായത്.
കഴിഞ്ഞദിവസം രാത്രിയാണ് വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ച്ചീളുകള്‍ കൂട്ടത്തോടെ നിരത്തിവെച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ചിലയിടത്തെ കല്ലുകള്‍ തട്ടിത്തെറിപ്പിച്ച് തീവണ്ടി കടന്നുപോവുകയും ചെയ്തു.
റെയില്‍വേ ട്രാക്കില്‍ ഇതിന്റെ അടയാളങ്ങളുണ്ട്. പ്രദേശത്തെ വീട്ടുകാരില്‍നിന്നടക്കം മൊഴിയെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.