തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്നകേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ എസ് ശബരിനാഥന്‍ അറസ്റ്റില്‍. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ കോടതിയില്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ശബരിനാഥ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് വിവരം അന്വേഷണം സംഘം അറിയിച്ചത്.
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ശബരീനാഥനെ ചോദ്യം ചെയ്യാന്‍ പോലീസ് ഇന്ന് വിളിപ്പിച്ചിരുന്നു. ശംഖുമുഖം അസിസ്റ്റര്‍ കമ്മീഷണര്‍ക്ക് മുമ്പില്‍ ഹാജരാകുന്നതിന് പിന്നാലെ കോടതിയില്‍ ശബരീനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും എത്തിയിരുന്നു. ഇത് പരിഗണിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് വാക്കാന്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ശബരിനാഥന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി കഴിഞ്ഞു എന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് എപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്നാണ് കോടതി അഭിഭാഷകനോട് ചോദിച്ചത്. അറസ്റ്റ് തല്‍ക്കാലം വേണ്ടെന്ന് പറഞ്ഞിരുന്നതാണല്ലോയെന്നും കോടതി ചോദിച്ചു. തുടര്‍ന്ന്, അറസ്റ്റ് ചെയ്ത കൃത്യം സമയം ബോധിപ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇതിന്റെ രേഖ ഉടന്‍ കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശബരിനാഥന്റെ പേരിലുള്ള സന്ദേശം വന്നത്. വിമാനത്തിനുള്ളില്‍വെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാമെന്ന ആശയം ഇതില്‍ ചിലര്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെ ശംഖുമുഖം എ.സി ശബരിനാഥന് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു. വിമാനത്തിനുളളില്‍ പ്രതിഷേധം നടത്താനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ശബരിനാഥാണെന്ന വിവരത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതെന്ന് അന്വേഷണ സംഘം പറയുന്നു.
വിമാനത്തിലെ പ്രതിഷേധത്തില്‍ കേസെടുത്തത് സര്‍ക്കാരിന്റെ ഭീരുത്വമാണെന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകും മുമ്പ് ശബരിനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമല്ല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ ശബരിനാഥ്, പ്രചരിച്ച സ്‌ക്രീന്‍ ഷോട്ടിലുള്ളത് തന്റെ സന്ദേശമാണോയെന്ന് പൊലീസിനോട് പറയുമെന്നും പ്രതികരിച്ചിരുന്നു.
ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും സമാധാനപരമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ചതെന്നും ശബരിനാഥ് പറഞ്ഞു. സംഘടന ആലോചിച്ചാണ് സമരം നടത്തിയത്. ഊരിപ്പിടിച്ച വാളുപോയിട്ട് ഒരു പേന പോലുമില്ലാതെയാണ് പ്രതിഷേധിച്ചത്. ജനാധിപത്യ മര്യാദ പാലിച്ചായിരുന്നു സമരമെന്നും മുഖ്യമന്ത്രിയെ വധിക്കാന്‍ കേസെടുത്ത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സ്വതന്ത്ര സംഘടനയാണ്. യൂത്ത് കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനം സംഘടനയുടേതാണെന്നുമായിരുന്നു ശബരിനാഥ് പറഞ്ഞത്.
അതേസമയം സ്‌ക്രീന്‍ ഷോര്‍ട്ട് ചോര്‍ത്തി പൊലീസിലെത്തിച്ചത് യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന വിവാദവും സംഘടനയില്‍ പുകയുകയാണ്.