ആദിത്യ ചോപ്രയോ മുരുഗദോസോ? ബോളിവുഡിലെ താരരാജാക്കൻമാരെ വീണ്ടും സ്ക്രീനിൽ ഒന്നിപ്പിക്കുന്നത് ആരാണെന്ന ചോദ്യം ബോളിവുഡിലെ ചർച്ചകളിൽ നിറയുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ഷാരൂഖ് ഖാനും സൽമാൻ ഖാനും കൈകോർക്കുന്പോൾ ആരാധകർ വലിയ ആകാംക്ഷയിലും പ്രതീക്ഷയിലും ആണ്. അടുത്തിടെ ആണ് ആദിത്യചോപ്രയുടെ യഷ് രാജ് ഫിലിംസ് സിനിമയെ കുറിച്ചുള്ള സൂചനകൾ പുറത്തുവിട്ടത്. ഉടൻ ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന ചിത്രത്തിനായി ഇരുവരും കുറെ ഡേറ്റുകൾ ആദിത്യക്ക് വേണ്ടി മാറ്റിവച്ചെന്നാണ് റിപ്പോർട്ട്. അതിനിടെ തമിഴകത്തെ സൂപ്പർഹിറ്റ് സംവിധായകൻ എ ആർ മുരുഗദോസും ഇരുവരെയും നായകൻമാരാക്കി പുതിയ ചിത്രം പ്ലാൻ ചെയ്യുന്നതായി വാർത്തകളുണ്ട് . ആമിർ ഖാനെ നായകനാക്കി ബോളിവുഡിൽ ‘ഗജിനി’ ഒരുക്കിയ മുരുഗദോസിനെ , ഷാരൂഖിനും സൽമാനും പരിചയപ്പെടുത്തികൊടുത്തതും ആമിർ ആണെന്നാണ് റിപ്പോർട്ടുകൾ.
സൂപ്പർഖാനെ ഒന്നിപ്പിക്കാനുള്ള നിയോഗം ആർക്കാകും എന്ന ആകാംക്ഷയിലാണ് സിനിമാലോകം. ഒരിക്കൽ നല്ല സുഹൃത്തുക്കളും, പിന്നീട് ബദ്ധവൈരികളും ആയി മാറിയ ഖാൻമാർ, വീണ്ടും സൗഹൃദവഴിയിലെത്തിയത് ഒരു സിനിമാക്കഥ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്.
ഇരുപത്തിയഞ്ച് വർഷം മുൻപിറങ്ങിയ ‘കരൺ അർജുൻ’. രണ്ട് സഹോദരൻമാരുടെ ഹൃദയഹാരിയായ കഥ പറഞ്ഞ ചിത്രം ബോളിവുഡിൽ സൂപ്പർഹിറ്റായി, രാകേഷ് റോഷൻ ഒരുക്കിയ സിനിമയിലെ നായകവേഷം അന്ന് താരതമ്യേന പുതുമുഖങ്ങളായിരുന്ന ഷാരൂഖിനും സൽമാനും ബോളിവുഡിൽ പുതിയ തുടക്കം സമ്മാനിക്കുകയായിരുന്നു. ഇരുവരും പിന്നാലെ നല്ല സുഹൃത്തുക്കളായി. ഷാരൂഖിന്റെ സിനിമയിൽ സൽമാനും, സൽമാന്റെ സിനിമയിൽ ഷാരൂഖും അതിഥി റോളുകളിലെത്തി. ‘കുച്ച് കുച്ച് ഹോതാ ഹേ’, ‘ഹർ ദിൽ ജോ ക്യാ കരേഗാ’, ‘ഹം തുമാരേ ഹേ സനം’, ‘ഓം ശാന്തി ഓം’ തുടങ്ങിയ ചിത്രങ്ങളിലെ പരസ്പര സഹകരണം താരസൗഹൃദത്തിന്റെ തെളിവായി. അങ്ങനെ ഇരിക്കെ ആണ് കാര്യങ്ങൾ തകിടം മറിയുന്നത്. 2008ൽ സൽമാന്റെ മുൻ കാമുകി കത്രീന കൈഫിന്റെ പിറന്നാൾ പാർട്ടിക്കിടെ ആണ് സംഭവങ്ങളുടെ തുടക്കം. ‘മേ ഓർ മിസിസ് ഖന്ന’ എന്ന ചിത്രത്തിലെ അതിഥി വേഷം ഷാരൂഖ് തള്ളിക്കളഞ്ഞതിന്റെ ദേഷ്യത്തിലായിരുന്നു അന്ന് സൽമാൻ. അനിഷ്ടം ഷാരൂഖിനോട് സൽമാൻ പാർട്ടിക്കിടെ പ്രകടിപ്പിച്ചു.
പിന്നാലെ വാക്ക് തർക്കമായി. താരങ്ങൾ അവതാരകരായി എത്തിയ രണ്ട് ടെലിവിഷൻ ഷോകളുടെ റേറ്റിംഗ് വരെ തർക്കത്തിനിടെ വിഷയമായി. ഒരു ഘട്ടത്തിൽ സൽമാന്റെ പഴയ കാമുകി ഐശ്വര്യ റായുടെ പേര് പറഞ്ഞ് ഷാരൂഖ് പരിഹസിച്ചതോടെ വിഷയം കൈവിട്ടു. കയ്യാങ്കളിയുടെ വക്കിൽ നിന്ന് ഇരുവരെയും മാറ്റിയത് ഗൗരി ഖാനായിരുന്നു. രോഷാകുലനായ സൽമാന്റെയും, പാർട്ടിയിൽ നിന്ന് ഇറങ്ങിപ്പോയ ഷാരൂഖിന്റെയും ചിത്രങ്ങൾ വാർത്തകളിൽ നിറഞ്ഞു.
സംഭവത്തിന് ശേഷംഷാരൂഖ് ക്യാന്പെന്നും, സൽമാൻ ക്യാന്പെന്നും ബോളിവുഡ് തന്നെ രണ്ടായി വേർതിരിക്കപ്പെട്ടു. അഭിമുഖങ്ങളിൽ താരങ്ങൾ പരസ്പരം ചെളി വാരിയെറിഞ്ഞു. സൽമാന് കുട്ടികളുടെ സ്വഭാവമാണെന്ന് പറഞ്ഞു ഷാരൂഖ്. ഷാരൂഖ് പണ്ട് തന്നെ സാർ എന്ന് വിളിച്ചതും സിനിമയിൽ അവസരത്തിനായി അലഞ്ഞതുമൊക്കെ ഓർമ്മിപ്പിച്ച് സൽമാനും തിരിച്ചടിച്ചു. ഷാരൂഖുമായി കൈകോർക്കണമെങ്കിൽ ദൈവം വിചാരിക്കണമെന്നും സൽമാൻ പരസ്യമായി പറഞ്ഞതോടെ ശത്രുത പൂർണമായും വെളിവാക്കപ്പെട്ടു. അഞ്ച് വർഷത്തോളം ആ പിണക്കം തുടർന്നു. പരസ്പരം മുഖം കൊടുക്കാതിരുന്ന താരങ്ങളെ വീണ്ടും ഒന്നിപ്പിക്കുന്നത് മറ്റൊരു വിരുന്നാണ്.
മഹാരാഷ്ട്ര എംഎൽഎ ആയിരുന്ന ബാബ സിദ്ദിഖി 2014ൽ നടന്ന ഇഫ്താർ പാർട്ടി ആണ് മഞ്ഞുരുകാനുള്ള വേദിയായത്. ബാബയുടെ നിർദ്ദേശപ്രകാരം പരസ്പരം കൈകൊടുത്തു താരങ്ങൾ. കൂട്ടിച്ചേർത്ത സൗഹൃദം വീണ്ടും ദൃഢമാകുന്ന കാഴ്ച ആയിരുന്നു പിന്നീട്. വീണ്ടും സിനിമകളിൽ സഹകരിച്ചു. 2018ൽ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം ‘സീറോ’യിൽ സൽമാൻ അതിഥി റോളിലെത്തി. മോശം സമയങ്ങളിലെല്ലാം ഇരുവരും പരസ്പരം താങ്ങായി. ലഹരികേസിൽ ആര്യൻ ഖാൻ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഷാരൂഖിന്റെ മന്നത്ത് വീട്ടിലേക്ക് ആദ്യം ഓടിയെത്തിയതും പിന്തുണ അറിയിച്ചതും സൽമാൻ ആയിരുന്നു. സൽമാൻ പ്രതിയായ വാഹന അപകടക്കേസിൽ താരത്തിന് വേണ്ടി വാദിച്ച അഭിഭാഷകൻ തന്നെ ആര്യൻ ഖാന് വേണ്ടി ഷാരൂഖ് തെരഞ്ഞെടുത്തു.
എല്ലാ കാലത്തും തനിക്കൊപ്പം നിന്ന ഒരേ ഒരാൾ ഭായിജാനെന്ന് പറയുന്നു കിംഗ് ഖാൻ. ഗാഢമായ ഈ ബന്ധം തന്നെ ആണ് സൂപ്പർതാരങ്ങളെ പുതിയ ചിത്രത്തിലും ഒന്നിപ്പിക്കുന്നത് . ആദിത്യയുടെ ചിത്രമായാലും മുരുഗദോസിന്റെ ആയാലും താരചക്രവർത്തിമാരെ വീണ്ടും ബിഗ് സ്ക്രീനിൽ കൺ നിറയെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.