KeralaNEWS

”ഒറിജിനലല്ലാതെ കാണിക്കാന്‍ പറ്റുമോ, അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു, സ്രഷ്ടാവിനോടല്ലേ പോയി പറയണ്ടേ”; മണിക്കെതിരായ ചിമ്പാന്‍സി അധിക്ഷേപത്തെ അതിമ്ലേച്ഛമായ ഭാഷയില്‍ ന്യായീകരിച്ച് സുധാകരന്‍

ദില്ലി: എം.എം.മണിക്കെതിരേ അധിക്ഷേപ പ്രകടനം നടത്തിയ മഹിളാകോണ്‍ഗ്രസിനെ ന്യായീകരിച്ചും, എം.എം. മണിയെ അങ്ങേയറ്റം മോശമായി അധിക്ഷേപിച്ചും കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍. മണിയുടെ മുഖവും ചിമ്പാന്‍സിയുടെ മുഖവും ഒന്ന്. ഒറിജിനലല്ലാതെ കാണിക്കാന്‍ പറ്റുമോ എന്നായിരുന്നു വിവാദ പ്രകടനത്തെപ്പറ്റി സുധാകരന്റെ പ്രതികരണം.

അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരന്‍ ചോദിച്ചു. സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് മാപ്പ് പറഞ്ഞത് അവരുടെ മാന്യതയും തറവാടിത്തവും കൊണ്ടാണ്. മണിക്കിതൊന്നും ഇല്ലല്ലോ എന്നും കെ.സുധാകരന്‍ ചോദിച്ചു.

Signature-ad

മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോണ്‍ഗ്രസുകാര്‍ എത്തിയത്. ചിമ്പാന്‍സിയുടെ ചിത്രത്തില്‍ എംഎല്‍എയുടെ മുഖം വെട്ടി ഒട്ടിച്ചായിരുന്നു അധിക്ഷേപം.

മണിക്കെതിരെ മോശമായ പരാമര്‍ശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. വിവാദമായതോടെ പ്രവര്‍ത്തകര്‍ കട്ടൗട്ട് ഒളിപ്പിച്ചു. ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പാതിവഴിക്ക് മടങ്ങുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ മഹിളാ കോണ്‍ഗ്രസ് പിന്നീട് മാപ്പ് പറഞ്ഞു.

Back to top button
error: