തിരുവനന്തപുരം: എംഎം മണി എംഎല്‍എയെ അധിക്ഷേപിച്ച് ആഭാസപ്രകടനം നടത്തി മഹിളാ കോണ്‍ഗ്രസ്. നിയമസഭയിലേക്കു മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിലാണ് ചിമ്പന്‍സിയുടെ ചിത്രത്തില്‍ എം.എം. മണിയുടെ ചിത്രം വെട്ടി ഒട്ടിച്ച് അധിക്ഷേപിച്ചത്. മോശം പരാമര്‍ശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളും ഇതോടൊപ്പം ഉണ്ടായിരുന്നു. കെ കെ രമക്കെതിരായ വിവാദ പരമാര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം. സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ വിശദീകരണവുമായി പിന്നീട് നേതാക്കള്‍ രംഗത്തെത്തി.
വെറൈറ്റി സമരം ആണ് ഉദ്ദേശിച്ചത് എന്നാണ് വിശദീകരണം. തൊലിക്കട്ടി അപാരം എന്ന സൂചനയാണ് ഉദ്ദേശിച്ചതത്രേ. സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല കമ്മറ്റി ഖേദം പ്രകടിപ്പിച്ചു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന
കെ.കെ രമയ്ക്ക് എതിരെ എം.എം മണി നിയമസഭയില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ ഉപയോഗിച്ച ബോര്‍ഡ് എം.എം മണിയെ വ്യക്തിപരമായി അവഹേളിക്കുന്നതാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്നത് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ രീതിയല്ല.
നിയമസഭാ മര്‍ച്ചിന് എത്തിയ പ്രവര്‍ത്തകരില്‍ ഒരാളാണ് ഈ ബോര്‍ഡ് കൊണ്ടു വന്നത്. അല്ലാതെ മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാന പ്രകാരമായിരുന്നില്ല. ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടയുടനെ അത് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. മഹിളാ കോണ്‍ഗ്രസ് ഉപയോഗിച്ച ബോര്‍ഡ് എം.എം മണിക്കോ അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്കോ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു.