KeralaNEWS

ബേക്കറി ഉടമ ഷിജുവിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ, ബ്ലേഡുകാരനായ സ്റ്റുഡിയോ ഉടമ ബേക്കറിയില്‍ കയറി കയ്യേറ്റം ചെയ്‌ത ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കുടുംബം

മേപ്പാടിയിലെ ബേക്കറി ഉടമയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയയാണെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ലോക്ഡൗണിലുണ്ടായ കടബാധ്യത തീര്‍ക്കാന്‍ വാങ്ങിയ പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതോടെ പലിശക്കാര്‍ ഷിജുവിനെ നിരന്തരം ഭീഷിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യ രമ്യ പറഞ്ഞു. ഷിജു ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പണം നല്‍കിയവരില്‍ ഒരാള്‍ കടയില്‍ കയറി ആക്രമിച്ചെന്ന് ദൃശ്യങ്ങള്‍ സഹിതം കുടുംബം പൊലീസില്‍ പരാതി നല്‍കി.

ജൂലൈ 12 നാണ് മേപ്പാടിയിലെ കെ.എസ് ബേക്കറി ഉടമയായ ഷിജു കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചത്. കടബാധ്യതയാണ് ഷിജുവിന്റെ മരണത്തിന് കാരണം എന്നായിരുന്നു നിഗമനം. എന്നാല്‍ ബ്ലേഡ് മാഫിയയുടെ നിരന്തരമായ വേട്ടയാടലാണ് ഷിജുവിന്റെ ജീവനെടുത്തതെന്ന് കുടുംബം രേഖാമൂലം പരാതി നൽകി.

ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്ന ഷിജു ലോക്ഡൗണില്‍ നഷ്ടം നേരിട്ടതോടെ കൊള്ള പലിശയ്ക്ക് ബ്ലേഡുകാര്‍ക്ക് തലവെച്ചു. തിരിച്ചടവ് മുടങ്ങിയതോടെ വീട്ടിലും കടയിലും എത്തി ബ്ലേഡുകാര്‍ ഷിജുവിനെ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ രമ്യ പറഞ്ഞു. ഷിജു മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് സമീപത്തെ സ്റ്റുഡിയോ ഉടമയായ ബ്ലേഡുകാരന്‍ ബേക്കറിയില്‍ എത്തി ബഹളമുണ്ടാക്കിയെന്നും കയ്യേറ്റം ചെയ്‌തെന്നും കുടുംബം പറയുന്നു. ദൃശ്യങ്ങള്‍ സഹിതം മേപ്പാടി പൊലീസിന് കുടുംബം പരാതി നല്‍കി.

ഷിജുവിന്റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം ഡി.വൈ.എഫ്‌.ഐ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്

Back to top button
error: