KeralaNEWS

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; 136 അടിയിലേക്കെത്താന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135.40 അടിയായി ഉയർന്നു. തമിഴ്നാട് കേരളത്തിന്‌ ആദ്യത്തെ മുന്നറിയിപ്പ് നൽകി. ജലനിരപ്പ് 136 അടിയിലേക്കെത്താൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. അപ്പർ റൂൾ ലെവലിനോട്‌ അടുത്താൽ സ്പിൽ വേ ഷട്ടറുകൾ തുറക്കും. സെക്കന്റിൽ 4021 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1,867 ഘനയടി വെള്ളമാണ് തമിഴ‍്‍നാട് കൊണ്ടുപോകുന്നത്.

ജലനിരപ്പ് ഉയർന്നതോടെ മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. മഴ തുടരുന്നതിനാൽ ജലനിരപ്പ് അപ്പർ റൂൾ ലെവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറന്നേക്കും. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് പരക്കെ മഴ

സംസ്ഥാനത്ത് പരക്കെ മഴ തുടരുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുന്നുണ്ട്. വടക്കൻ ജില്ലകളിൽ തന്നെയാണ് കൂടുതൽ മഴ സാധ്യത. തീരമേഖലകളിൽ മഴ ശക്തമായേക്കും. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദമാണ് മഴ ശക്തമായി തുടരാൻ കാരണം. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ മഴയുടെ ശക്തി കുറയാനാണ് സാധ്യത. രൂക്ഷമായ കടലാക്രമണ മുന്നറിയിപ്പുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

മഴക്കെടുതിയില്‍ ഇന്ന് നാല്  മരണം

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇന്ന് നാല്  മരണം. കോഴിക്കോട് രണ്ട് പേര്‍ മുങ്ങി മരിച്ചു. വയനാട് മണ്ണിടിഞ്ഞാണ് ഒരാള്‍ മരിച്ചത്. കാസര്‍ഗോഡ് തെങ്ങ് വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിയും മരിച്ചു. കോഴിക്കോട് മാവൂരില്‍ ഓഡിറ്റോറിയത്തിലേക്ക്  വെള്ളം ഇരച്ച് കയറി വിവാഹ സത്കാരം താറുമാറായി. ജലനിരപ്പ് കൂടിയതിനാല്‍ മലമ്പുഴ, കക്കയം ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ. കാസര്‍ഗോഡ് മഞ്ചേശ്വരത്താണ് കാറ്റില്‍ തെങ്ങ് വീണ് പതിമൂന്ന് കാരന്‍ മരിച്ചത്. മാധ്യമ പ്രവര്‍ത്തകനായ സ്റ്റീഫന്‍ ക്രാസ്റ്റയുടെ മകന്‍ സ്വാന്‍ അരുണ്‍ ക്രാസ്റ്റയാണ് മരിച്ചത്. കോഴിക്കോട് ചെറുവണ്ണൂര്‍ അറക്കല്‍പാടത്ത് പതിമൂന്നുകാരന്‍ മുഹമ്മദ്  മിര്‍ഷാദ് കുളത്തില്‍ വീണ് മരിച്ചു. എടച്ചേരിയില്‍ പായല്‍ നിറഞ്ഞ കുളത്തില്‍ വീണാണ് ആലിശേരി സ്വദേശി അഭിലാഷിന് ജീവന്‍ നഷ്ടമായത്.

നാല്‍പ്പത് വയസ്സായിരുന്നു. വയനാട് തോട്ടുമച്ചാല്‍ കാട്ടിക്കൊല്ലിയില്‍  മണ്‍തിട്ട ഇടിഞ്ഞുണ്ടായ അപകടത്തില്‍ തൊഴിലാളിയായ നായ്ക്കപടി കോളനിയിലെ ബാബു മരിച്ചു. കോഴിക്കോട് മാവൂരിലാണ് മഴ ഏറെ ദുരിതം വിതച്ചത്. വിവാഹ സത്കാരം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് വെള്ളം ഇരച്ചു കയറി ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ സര്‍വ്വതും നശിച്ചു. ചാലിയാറില്‍ വെള്ളം ഉയര്‍ന്നതാണ് മാവൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. കക്കയം ഡാമിന്‍റെ ഷട്ടറുകള്‍ രണ്ടും ഉയര്‍ത്തിയ നിലയിലാണ്. മഴ ശക്തമായി തുടര്‍ന്നാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന അറിയിപ്പുണ്ട്. അതിനാല്‍ കുറ്റിയാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

മലപ്പുറം നിലമ്പൂര്‍ മേഖലയിലും ശക്തമായ മഴയുണ്ട്. പാലക്കാടും മഴ ശക്തമാണ്. വൃഷ്ടി പ്രദേശത്ത് മഴ ശക്തപ്പെട്ടതിനാല്‍ മലമ്പുഴ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു. കല്‍പ്പാത്തിപുഴ, ഭാരതപ്പുഴ എന്നിവിയില്‍ നീരൊഴുക്ക് കൂടാനിടയുണ്ട്. തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അട്ടപ്പാടി ചുരം റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 19 തിയതി വരെയാണ് നിയന്ത്രണം. കണ്ണമ്പ്രയില്‍ വീടിനുമുന്‍പില്‍  ഗര്‍ത്തം രൂപപ്പെട്ടു. കണ്ണമ്പ്ര കൊട്ടേക്കാടിലാണ് സംഭവം.തൃശൂരിലും കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടമുണ്ടായി. തൃശൂര്‍ ചാവക്കാട് മേഖലയില്‍ വീശിയടിച്ച മിന്നല്‍ ചുഴലിയില്‍ നിരവധി മരങ്ങള്‍ കടപുഴകി. ആറ് വീടുകള്‍ക്കും കേടുപറ്റി വടക്കന്‍ കേരളത്തിലെ തീരപ്രദേശത്ത് പലയിടത്തും കടല്‍ക്ഷോഭവും രൂക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: