TechTRENDING

ഔദാര്യമല്ല, ഗാഡ്ജറ്റ് റിപ്പയറിങ് ഇനി അവകാശം

സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ ലാപ്‌ടോപ്പുകള്‍ വരെയുള്ള ഡിവൈസുകളും മറ്റും വാങ്ങുന്ന യൂസേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് കൃത്യമായ സര്‍വീസിന്റെയും റിപ്പയറിങ്ങിന്റെയും അഭാവം. കമ്പനികള്‍ നേരിട്ട് നടത്തുന്നതോ അല്ലെങ്കില്‍ അംഗീകൃതമായി പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററുകളില്‍ നല്‍കിയാല്‍ സര്‍വീസിന് മാത്രം ഉയര്‍ന്ന തുക നല്‍കേണ്ടി വരുന്നു. ഇനി പുറത്ത് നിന്നും ശരിയാക്കാമെന്ന് കരുതിയാല്‍ കമ്പനികളുടെ വാറന്റി ഭീഷണിയും ഒപ്പം വരും.

സര്‍വീസില്‍ മാത്രമല്ല, പാര്‍ട്‌സിനും മറ്റും ഉയര്‍ന്ന നിരക്ക് ഈടാക്കുകയും ചെയ്യും. പലപ്പോഴും പ്രവര്‍ത്തനം നിലച്ച അല്ലെങ്കില്‍ ശേഷി കുറഞ്ഞ പാര്‍ട്‌സ് റിപ്പയര്‍ ചെയ്യാതെ മാറ്റി സ്ഥാപിക്കുന്നതും പുതിയ ഡിവൈസ് വാങ്ങുന്നതാണ് നല്ലതെന്ന രീതിയില്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കുന്നതും കാണാം. കാര്‍ നിര്‍മാതാക്കള്‍ സര്‍വീസും റിപ്പയറിങും ഓഫര്‍ ചെയ്യുന്ന രീതിയില്‍ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ പലപ്പോഴും റിപ്പയറിങ് ഓപ്ഷനുകള്‍ നല്‍കുന്നില്ല.

Signature-ad

ഈ രീതിയ്ക്കാണ് മാറ്റം വരാന്‍ പോകുന്നത്. ഒരു പക്ഷെ മൊത്തം സാങ്കേതിക മേഖലയുടെ വില്‍പ്പനാനന്തര സേവന രീതികളിലും മാറ്റം വരാന്‍ പുതിയ നീക്കം കാരണം ആയേക്കും. സ്മാര്‍ട്ട്‌ഫോണുകള്‍ അടക്കമുള്ള ഗാഡ്ജറ്റുകളുടെ പാര്‍ട്‌സ്, സര്‍വീസ് തുടങ്ങിയ സേവനങ്ങളില്‍ അതത് കമ്പനികള്‍ക്കാണ് നിലവില്‍ കുത്തകാവകാശം. ഇത് ഇല്ലാതെയാകാന്‍ പോകുന്നു എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. കണ്‍സ്യൂമര്‍ അഫയേഴ്‌സ് മിനിസ്ട്രിയില്‍ ( ഉപഭോക്തൃ കാര്യ മന്ത്രാലയം ) നിന്നുള്ള ഒരു പ്രസ്താവന പ്രകാരം പുതിയ നിയമ നിര്‍മാണത്തിനുള്ള ഒരുക്കമാരംഭിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

റൈറ്റ് ടു റിപ്പയര്‍ അഥവാ അറ്റകുറ്റപ്പണികള്‍ക്കുള്ള അവകാശം കൃത്യമായി നിര്‍വചിക്കാനും സമഗ്രമായ ചട്ടക്കൂട് സൃഷ്ടിക്കാനും പുതിയൊരു കമ്മറ്റി രൂപീകരിച്ചിരിക്കുകയാണ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് മിനിസ്ട്രി. മൊബൈല്‍ ഫോണുകള്‍ മുതല്‍ ലാപ്‌ടോപ്പുകള്‍ വരെയുള്ള ഡിവൈസുകള്‍ക്കുള്ള റിപ്പയര്‍ സേവനങ്ങള്‍ ഉപഭോക്താക്കളുടെ അവകാശമായി നിര്‍ണയിക്കുന്നതിനും അതിനുള്ള ഫ്രെയിം വര്‍ക്കും തയ്യാറാക്കുകയാണ് പുതിയ സമിതിയുടെ ചുമതല.

സമിതി തയ്യാറാക്കുന്ന വ്യവസ്ഥകള്‍ക്ക് കേന്ദ്രസര്‍ക്കാരും പാര്‍ലമെന്റും അംഗീകാരം നല്‍കിക്കഴിഞ്ഞാല്‍ റിപ്പയര്‍ സേവനങ്ങള്‍ നല്‍കുകയെന്നത് കമ്പനികളുടെ ഉത്തരവാദിത്തവും ബാധ്യതയും ഒക്കെയായി മാറും. ബുധനാഴ്ച മന്ത്രാലയ സമിതി യോഗം ചേര്‍ന്നിരുന്നു. ഡിവൈസുകളുടെ മാന്വലുകള്‍,സ്‌കീമാറ്റിക്‌സ്, സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റുകള്‍ എന്നിവയിലേക്കുള്ള പൂര്‍ണ ആക്‌സസ് കമ്പനികള്‍ ലഭ്യമാക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. സോഫ്‌റ്റ്വെയര്‍ ലൈസന്‍സ് ഉണ്ടെന്നുള്ളത് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഡിവൈസുകളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ പുറത്ത് വിടുന്നതിനെ തടയാന്‍ ഉപയോഗിക്കരുതെന്നും പുതിയ സമിതി പ്രാഥമികമായി വിലയിരുത്തുന്നു.

സമിതിയുടെ യോഗത്തില്‍ ഉയര്‍ന്ന് വന്ന മറ്റൊരു വിഷയം ഡിവൈസുകള്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള പാര്‍ട്‌സും ടൂള്‍സും പൊതുവായി ലഭ്യമാക്കുന്നത് സംബന്ധിച്ചാണ്. ഡിവൈസുകള്‍ നന്നാക്കാനുള്ള ഡയഗ്‌നോസ്റ്റിക് ടൂളുകള്‍ അടക്കമുള്ള സര്‍വീസ് എക്വിപ്പ്‌മെന്റ്‌സ് തേര്‍ഡ് പാര്‍ട്ടി സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കണം എന്നാണ് സമിതിയുടെ നിലപാട്. ഇത് വഴി ചെറിയ തകരാറുകള്‍ ഉള്ള ഉപകരണങ്ങള്‍ എളുപ്പം റിപ്പയര്‍ ചെയ്യാന്‍ കഴിയുമെന്നും മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. കാര്‍ഷിക ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ / ടാബ്ലെറ്റുകള്‍, ഉപഭോക്തൃ ഡ്യൂറബിള്‍സ്, ഓട്ടോമൊബൈല്‍ / ഓട്ടോമൊബൈല്‍ ഉപകരണങ്ങള്‍ എന്നീ മേഖലകളിലെല്ലാം പുതിയ ചട്ടങ്ങള്‍ ബാധകമാകുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. സാങ്കേതിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് സമിതി മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രാദേശിക വിപണികളില്‍ നിന്ന് ഇത്തരം ഉപകരണങ്ങള്‍ വാങ്ങുന്നവരെ ശാക്തീകരിക്കുകയെന്നതാണ് റൈറ്റ് ടു റിപ്പയര്‍ ഫ്രെയിം വര്‍ക്കിന്റെ ലക്ഷ്യമെന്ന് ഉപഭോക്ത്യ കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരം ഡിവൈസുകള്‍ നിര്‍മിക്കുന്ന ഒഇഎമ്മുകള്‍ക്കും (ഒറിജിനല്‍ എക്വിപ്‌മെന്റ് മാനുഫാക്‌ചേഴ്‌സ് ) തേര്‍ഡ് പാര്‍ട്ടി കച്ചവടക്കാര്‍ക്കും ഇടയില്‍ ഉള്ള വ്യാപാരം കൂടാന്‍ റെറ്റ് ടു റിപ്പയര്‍ അവകാശം സഹായിക്കുമെന്നാണ് മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. റൈറ്റ് ടു റിപ്പയര്‍ നിയമം രാജ്യത്ത് നിലവില്‍ വന്ന് കഴിഞ്ഞാല്‍ ഡിവൈസുകള്‍ കൂടുതല്‍ കാലത്തേക്ക് ഉപയോഗിക്കാന്‍ കഴിയും എന്നതാണ് അടിസ്ഥാനപരമായ നേട്ടം. അത് പോലെ തന്നെ തേര്‍ഡ് പാര്‍ട്ടി റിപ്പയറിങ് എജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അംഗീകാരം നല്‍കുന്നത് വഴി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

ഗാഡ്ജറ്റുകളും മറ്റും തകരാറില്‍ ആകുമ്പോള്‍ മിക്കവാറും യൂസേഴ്‌സ് അത് ഒഴിവാക്കി പുതിയത് വാങ്ങുകയാണ് ചെയ്യുന്നത്. തകരാറിലായ ഗാഡ്ജറ്റുകള്‍ അറ്റകുറ്റപ്പണി ചെയ്ത് ഉപയോഗിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നതിനാല്‍ ആണിത്. ഒരു ഡിവൈസ് എങ്ങനെ സര്‍വീസ് ചെയ്യാം എന്നതിനെക്കുറിച്ച് പൂര്‍ണമായ വിവരങ്ങള്‍ കമ്പനികള്‍ പുറത്ത് വിടാത്തതും തിരിച്ചടിയാണ്. ആപ്പിള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ സ്വന്തം ഡിവൈസ് സ്വയം റിപ്പയര്‍ ചെയ്യുകയെന്ന ആശയത്തെ പേരിന് പോലും അംഗീകരിക്കുന്നില്ലെന്നും ഓര്‍ക്കണം. അമേരിക്കയടക്കം ഉള്ള രാജ്യങ്ങളില്‍ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഒന്നാണ് ഡിവൈസുകളുടെ അറ്റകുറ്റപ്പണികള്‍ തടയാന്‍ ( നേരിട്ടല്ലെങ്കിലും അവ വളരെ കുറച്ച് മാത്രമാണ് നടക്കുന്നത് എന്ന് കമ്പനികള്‍ ഉറപ്പ് വരുത്തുന്നു) ടെക് കമ്പനികള്‍ക്ക് ലഭിക്കുന്ന അമിതാധികാരം. ടെക് നിര്‍മാതാക്കളുടെ ഇത്തരം ഇടപെടലുകള്‍ നിയന്ത്രിച്ച് കൊണ്ട് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പുറപ്പെടുവിച്ചിരുന്നു.

Back to top button
error: