ഹൈദരാബാദ്: പ്രവാചക നിന്ദ ആരോപിച്ച് ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ വധിക്കാന്‍ ആഹ്വാനം ചെയ്ത കേസില്‍ അജ്മീര്‍ ദര്‍ഗ ഖാദിം ഗോഹര്‍ ചിഷ്തി അറസ്റ്റില്‍. അജ്മീര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, ഹൈദരാബാദിലെ ബീഗം ബസാറില്‍നിന്നാണ് വ്യാഴാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്. പുരോഹിതന് അഭയം നല്‍കിയ വള വില്‍പ്പനക്കാരനായ മുനാവറിനെയും കസ്റ്റഡിയിലെടുത്തു. തെലങ്കാന പൊലീസിന്റെ സഹായത്തോടെയാണ് ഇരുവരെയും പിടികൂടിയത്.
ഹൈദരാബാദില്‍ നിന്ന് ചിഷ്തിയെ ജയ്പൂരിലേക്ക് കൊണ്ടുപോയതായി ഐജി (അജ്മീര്‍) രൂപീന്ദര്‍ സിംഗ് പറഞ്ഞു. അവിടെ നിന്ന് നേരെ അജ്മീറിലേക്ക് കൊണ്ടുപോകും. ഇയാള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
മുനാവറിനെയും രാജസ്ഥാനിലേക്ക് കൊണ്ടുപോയി. ഒരു ഡസനോളം പൊലീസ് സംഘങ്ങള്‍ പല നഗരങ്ങളിലായി ഇയാള്‍ക്കായുള്ള തിരച്ചിലിലായിരുന്നു. ജൂണ്‍ 17 ന് നടന്ന യോഗത്തില്‍ നൂപുര്‍ ശര്‍മയുടെ തലവെട്ടാന്‍ ചിഷ്തി ആഹ്വാനം നല്‍കിയെന്നാണ് കേസ്. ജൂണ്‍ 25നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അജ്മീറിലെ നിസാം ഗേറ്റില്‍ മൂവായിരത്തോളം പേര്‍ പങ്കെടുത്ത യോഗത്തില്‍, ജനക്കൂട്ടത്തെ പ്രകോപിപ്പിക്കാന്‍ ഇയാള്‍ ഉച്ചഭാഷിണിയിലൂടെ തലവെട്ടാനാഹ്വാനം ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു. കേസെടുത്തതിന് പിന്നാലെ ചിഷ്തി ഒളിവില്‍ പോകുകയായിരുന്നു. കേസിലെ മറ്റ് നാല് പ്രതികളായ ഫഖര്‍ ജമാലി, താജിം സിദ്ദിഖി, മൊയിന്‍, റിയാസ് ഹസന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ദര്‍ഗ എസ്എച്ച്ഒ ദല്‍ബീര്‍ സിംഗ് പറഞ്ഞു.