KeralaNEWS

യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ അപമാനിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ പ്രചരിക്കുന്ന പരാതി സഭയില്‍ വായിച്ച് കെ. ശാന്തകുമാരി; സഭാ രേഖകളില്‍നിന്ന് നീക്കണമെന്ന് വിഷ്ണുനാഥ്

തിരുവനന്തപുരം: പാലക്കാട് സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ചിന്തന്‍ശിബിര്‍ ക്യാമ്പില്‍ അപമാനിക്കപ്പെട്ട പെണ്‍കുട്ടിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന പരാതി സഭയില്‍ വായിച്ച് കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി.

എന്നാല്‍ ഇല്ലാത്ത പരാതിയുടെ പേരില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നതായി പി.സി വിഷ്ണുനാഥ് പറഞ്ഞു. ഇക്കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസിന് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഷാഫി പറമ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. ശാന്ത കുമാരി എം എല്‍ എ ഉന്നയിച്ച ഇക്കാര്യം സഭാ രേഖകളില്‍ നിന്നും നീക്കണമെന്നും പി സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ശിബിരിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് ആരോപണ വിധേയനായ വിവേക് നായര്‍ മോശമായി പെരുമാറിയെന്നായിരുന്നു പെണ്‍കുട്ടിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന കത്തില്‍ ഉണ്ടായിരുന്നത്.

മദ്യപിച്ചെത്തിയ വിവേക് നായര്‍ കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചു, സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് വനിതാ അംഗത്തിന്റേതെന്ന പേരിലുള്ള കത്തിലുള്ളത്. ദളിത് വിഭാഗത്തില്‍ നിന്ന് വരുന്ന താന്‍ സംഘടനയില്‍ നിരവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. അതില്‍ ഒന്നാണ് ഇത്. നിരവധി വനിതാ പ്രവര്‍ത്തകര്‍ സമാന പ്രശ്‌നം നേരിടുന്നുണ്ടെന്നും ആ കത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് പ്രവര്‍ത്തകയില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഇതേപ്പറ്റി വ്യക്തമാക്കിയത്. അഖിലേന്ത്യ കമ്മിറ്റിക്ക് ലഭിച്ച പരാതിയില്‍ പീഡന പരാമര്‍ശമില്ല. പരാതി ഉണ്ടെങ്കില്‍ അത് പൊലീസിനെ ഏല്‍പ്പിക്കും. സഹപ്രവര്‍ത്തകയ്ക്ക് എല്ലാ നിയമസഹായവും സംഘടന നല്‍കും. പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയായെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. കത്തിന്റെ ഉറവിടം രണ്ടംഗ സമിതി അന്വേഷിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു.

Back to top button
error: