LIFEMovie

ആശുപത്രിയിലായിരുന്നപ്പോള്‍ ചിലര്‍ ഏതോ രോഗിയില്‍ എന്റെ തലവച്ച് വരെ ന്യൂസ് കൊടുത്തു, എന്തെല്ലാം കാണുന്നു, ഇതൊന്നും ഒന്നുമല്ലെന്ന് വിക്രം

ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കാവേരി ആശുപത്രിയില്‍ താന്‍ ചികിത്സയിലായിരുന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകളെല്ലാം ക്രിയേറ്റീവ് ആയിരുന്നെന്നും എല്ലാം ആസ്വദിച്ചെന്നും നടന്‍ വിക്രം. ‘നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും ആയി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ചിലര്‍ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരം തന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു വരെ ന്യൂസ് കൊടുത്തിരുന്നു.

അതൊക്കെ വളരെ ക്രിയേറ്റിവ് ആയിരുന്നു എനിക്ക് ഇഷ്ടമായി തമാശ രൂപേണ താരം പറഞ്ഞു. എന്തെല്ലാം നമ്മള്‍ കാണുന്നു, ഇതൊന്നും ഒന്നുമില്ല’. വിക്രം പറഞ്ഞു. ആര്‍. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു വിക്രം.

എ ആര്‍ റഹ്‌മാന്‍, ഇര്‍ഫാന്‍ പത്താന്‍, ധ്രുവ് വിക്രം, റോഷന്‍ മാത്യു, ശ്രീനിധി ഷെട്ടി, ഉദയനിധി സ്റ്റാലിന്‍, കെ എസ് രവികുമാര്‍, മിയ ജോര്‍ജ്, ഡോക്ടര്‍ അജയ് ജ്ഞാനമുത്തു തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കോബ്ര. എ.ആര്‍. റഹ്‌മാന്റെ സംഗീത സംവിധാനത്തില്‍ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു. കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പത്താന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ റോഷന്‍ മാത്യു, സര്‍ജാനോ ഖാലിദ്, മിയ ജോര്‍ജ്, കനിഹ, പദ്മപ്രിയ, മാമുക്കോയ, ബാബു ആന്റണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഇമൈക്ക നൊടികള്‍, ഡിമാന്‍ഡി കോളനി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. ഇഫാര്‍ മീഡിയായ്ക്ക് വേണ്ടി റാഫി മതിര കേരളത്തില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം, ഡ്രീം ബിഗ് ഫിലിംസും, ഇ ഫോര്‍ എന്റ്റര്‍ടൈന്‍മെന്റ്റും ചേര്‍ന്ന് തീയേറ്ററുകളില്‍ എത്തിക്കുന്നു. ചിത്രം ആഗസ്റ്റ് 11ന് തീയേറ്ററുകളില്‍ എത്തും.

Back to top button
error: