KeralaNEWS

കൊല്ലം-എറണാകുളം മെമു ഇന്നുമുതല്‍; മുമ്പ് സര്‍വീസ് നടത്തിയിരുന്ന സമയത്തു തന്നെയാക്കണമെന്നു ആവശ്യം

കോട്ടയം: ഇന്നു പുനരാരംഭിക്കുന്ന കൊല്ലം -എറണാകുളം മെമു മുമ്പ് സര്‍വീസ് നടത്തിയിരുന്ന സമയത്തു തന്നെയാക്കണമെന്നു യാത്രക്കാരുടെ ആവശ്യം. ഇന്നു തെക്കന്‍ മേഖലയില്‍ സന്ദര്‍ശനം നടത്തുന്ന ഡിവിഷണല്‍ മാനേജര്‍ക്ക് ഫ്രണ്ട്‌സ് ഓണ്‍ റെയില്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ നിവേദനം നല്‍കും. ഇന്നു രാവിലെ ശാസ്താംകോട്ട സ്‌റ്റേഷനിലാകും നിവേദനം നല്‍കുക. നേരത്തെ കൊല്ലം, മാവേലിക്കര, കോട്ടയം, എറണാകുളം എം.പിമാര്‍ക്കു നിവേദനം നല്‍കിയിരുന്നു.

പരമാവധി യാത്രക്കാര്‍ക്കു ഉപകാരപ്പെടും വിധമായിരുന്നു കോവിഡിനു മുമ്പ് മെമു ഓടിയിരുന്നത്. എന്നാല്‍, രാവിലെ 8.20 നു കൊല്ലത്തുനിന്നു തുടങ്ങി 10.18നു കോട്ടയത്തും 12.30 ന് എറണാകുളം ജങ്ഷനിലുമെത്തും. തിങ്കളാഴ്ചകളില്‍ സര്‍വീസില്ല. എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പുണ്ടാവും. നേരത്തെ 7.40നാണ് കൊല്ലത്തുനിന്നു പുറപ്പെട്ടിരുന്നത്.

കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു (06769) 27നു സര്‍വിസ് തുടങ്ങും. 12.45ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് 2.12ന് കോട്ടയത്തും 4.50 നു കൊല്ലത്തും എത്തും വിധമായിരുന്നു ആദ്യ സമയക്രമം. എന്നാല്‍ യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് 1.35ന് സര്‍വിസ് ആരംഭിക്കാന്‍ തീരുമാനിച്ചു. കോവിഡിനു മുമ്പ് 2.40 നാണ് ട്രെയിന്‍ എറണാകുളത്തുനിന്ന് പുറപ്പെട്ടിരുന്നത്. പഴയ സമയമായ 2.40 നുതന്നെ സര്‍വിസ് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

നിലവില്‍ 1.45ന് പരശുറാം എക്‌സ്പ്രസ് പോയിക്കഴിഞ്ഞാല്‍ എറണാകുളം ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്കുള്ളത് െവെകീട്ട് അഞ്ചിന് കേരള എക്‌സ്പ്രസ് മാത്രമാണ്.
മാത്രമല്ല പരശുറാമിന് 10 മിനിറ്റ് മുമ്പ് എറണാകുളത്ത് നിന്ന് ആരംഭിക്കുന്ന മെമു മൂന്നുമണിക്കാണ് കോട്ടയത്തു നിന്നു പുറപ്പെടുക. പരശുറാം കോട്ടയത്ത് എത്തുന്ന സമയമാവട്ടെ 03.03 ഉം. എറണാകുളം-കൊല്ലം മെമു പുറപ്പെടുന്ന സമയം 2.40 ആക്കിയാല്‍ ട്രെയിനുകളുടെ ഇടവേള കുറക്കാനാവും. രണ്ടു ട്രെയിനുകള്‍ കൂടി കോട്ടയം വഴി ഈ മാസം സര്‍വിസ് ആരംഭിക്കും.
എറണാകുളം- കൊല്ലം മെമുവും (06777)കൊല്ലം -എറണാകളം മെമു (06778)വുമാണ് 28ന് സര്‍വിസ് തുടങ്ങുന്നത്. രാവിലെ ആറിന് എറണാകുളം ജങ്ഷനില്‍നിന്നു പുറപ്പെട്ട് പത്തിന് കൊല്ലം ജങ്ഷനിലെത്തും. കൊല്ലം -എറണാകളം മെമു രാവിലെ 11 നു കൊല്ലത്തുനിന്നു പുറപ്പെടും. ഉച്ചക്ക് 2.50ന് എറണാകുളത്തെത്തും. രണ്ടു ട്രെയിനുകളും ബുധനാഴ്ചകളില്‍ സര്‍വിസ് നടത്തില്ല.

Back to top button
error: