ലണ്ടൻ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഉൾപ്പെടെ പ്രമുഖർക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തി രാജ്യാന്തര ജേണലിസ്റ്റ് കൂട്ടായ്മയായ ഐസിഐജെ, 124,000 രേഖകൾ ഉൾപ്പെട്ട ഊബർ ഫയൽസ് പുറത്തുവിട്ടു. ഗതാഗതരംഗത്തെ വമ്പൻ കമ്പനിയായ ഊബർ രാജ്യാന്തരതലത്തിൽ വൻ ക്രമക്കേടും നിയമലംഘനങ്ങളും നടത്തിയെന്ന് രേഖകൾ ആരോപിക്കുന്നു. വിശദാംശങ്ങൾ വരുംദിനങ്ങളിൽ പ്രസിദ്ധീകരിക്കും.
ഊബറിനെതിരെ ടാക്സി ഡ്രൈവർമാർ ഫ്രാൻസിൽ നടത്തിയ സമരങ്ങളെ രാഷ്ട്രീയസ്വാധീനം കൊണ്ട് അട്ടിമറിച്ചു. അന്ന് ഫ്രഞ്ച് ധനമന്ത്രിയായിരുന്ന ഇമ്മാനുവൽ മക്രോ ഊബറിനെ കയ്യയച്ചു സഹായിച്ചു. ടാക്സിക്കാരുടെ സമരത്തെ നേരിടാൻ ഊബർ ഡ്രൈവർമാരെ നിയമവിരുദ്ധമായ പ്രക്ഷോഭത്തിനിറക്കാൻ കമ്പനി പിന്തുണ നൽകി–ഊബർ ഫയൽസ് പറയുന്നു.
കമ്പനി സഹസ്ഥാപകനായ ട്രാവിസ് കലാനിക് ഊബറിന്റെ സിഇഒ ആയിരുന്ന 2013 മുതൽ 2017 വരെയുള്ള കാലയളവിലെ, 40 രാജ്യങ്ങളെ സംബന്ധിക്കുന്ന രേഖകളാണ് ഊബർ ഫയൽസിൽ. കലാനിക്കിന്റെ വാട്സാപ് സന്ദേശങ്ങളും ഇമെയിലുകളും ഇതിലുണ്ട്.