NEWS

സെൽഫി വന്ന വഴി

സെൽഫി” എന്നത് നമുക്ക് ഇന്നൊരു  സുപരിചിത പദമാണ്. ദിവസം ഒരു തവണയെങ്കിലും ഒരു സെൽഫി എടുക്കാത്തവരും ഇന്നപൂർവ്വം .
എന്നാൽ ലോകത്തിന്റെ മുന്നിൽ ഈ വാക്ക്  എത്തിയിട്ടേറെ നാളായിട്ടില്ല.
യഥാർത്ഥത്തിൽ സെൽഫി എന്നത് . ഓസ്ട്രേലിയയിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ ഉണ്ടായിരുന്ന  ഒരു വാക്കാണ്.
 ആളുകളുടെ ശ്രദ്ധയിൽ  ആദ്യമായി ഈ വാക്കെത്തിച്ചത് മദ്യപിച്ച് മദോന്മത്തനായി വീണു പരിക്ക് പറ്റിയ ഒരു ഓസ്‌ട്രേലിയക്കാരനാണ് എന്നതാണ് രസകരം.
മദ്യപിച്ച് ലക്ക് തെറ്റി വീണപ്പോൾ മുറിഞ്ഞ തന്റെ ചുണ്ടിന്റെ സ്വയം എടുത്ത ഫോട്ടോ Upload ചെയ്തായിരുന്നു സെൽഫി എന്നയാൾ അതേ കുറിച്ച് പറഞ്ഞത്
 നാഥാൻ ഹോപ്പ് എന്നാണദ്ദേഹത്തിന്റെ പേര്.
 സെപ്റ്റംബർ , 2002, ൽ ഒരു ഇന്റർനെറ്റ് ഫോറത്തിൽ നഥാൻ ഹോപ്  തന്റെ  കീഴ്ച്ചുണ്ട് മുറിഞ്ഞ ഒരു ഫോട്ടോയിട്ട് അതിനൊപ്പം ഇങ്ങനെ കുറിച്ചു
‘Um, drunk at a mates 21st, I tripped ofer and landed lip first (with front teeth coming a very close second) on a set of steps. I had a hole about 1cm long right through my bottom lip. And sorry about the focus, it was a selfie.
 (ഉം, 21-ന്  മദ്യപിച്ച് കൂട്ടുകാരിയുടെ അടുത്ത് പോയ ഞാൻ ലക്ക് തെറ്റി സ്റ്റെപ്പിൻമേൽ വീണു. മുൻപല്ലുകളോടൊപ്പം ആദ്യം പടിയിൽ മുട്ടിയത് ചുണ്ടാണ് . താഴത്തെ   ചുണ്ടിലൂടെ ഏകദേശം 1cm നീളമുള്ള ഒരു ദ്വാരം ഉണ്ടായി. ഇത് ഫോക്കസ് ചെയ്ത് എടുക്കാനാകാത്തതിൽ ഖേദിക്കുന്നു. ഇതൊരു സെൽഫിയായിപ്പോയി )
സ്വയം എടുത്ത ആ ഫോട്ടോയെ കുറിച്ചായിരുന്നു   ആ കമന്റ്. അത് ശ്രദ്ധിച്ച ആൾക്കാർ പിന്നെപ്പിന്നെ  തങ്ങൾ സ്വയം എടുക്കുന്ന ഫോട്ടോകളെ ആ പേരിട്ട് വിളിച്ചു.
അതിലെ സെൽഫി എന്ന വാക്ക് പിന്നീട് ആളുകളുടെ നിത്യ വ്യവഹാരത്തിലേക്ക് വന്നു
 2013-ഓടെ, “സെൽഫി” എന്ന വാക്ക് ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ ഓൺലൈൻ പതിപ്പിൽ ഉൾപ്പെടുത്താൻ മാത്രം അതിന് പ്രചാരമായി.
ആ വർഷം നവംബറിൽ “ഈ വർഷത്തെ വാക്ക്” ആയി അതിനെ പ്രഖ്യാപിക്കുകയും ഓസ്‌ട്രേലിയൻ പദമാണത് എന്ന് വിശേഷിപ്പിക്കയും  ചെയ്തു.
 2014 ഓഗസ്റ്റിൽ, “സെൽഫി” എന്നത് ലോക തലത്തിൽ തന്നെ ഔദ്യോഗികമായി അംഗീകരിച്ചു
സെൽഫി  ഒരു സ്വയം പോർട്രെയ്റ്റ് ഫോട്ടോഗ്രാഫാണ്,
ഒരാൾ സ്വയം എടുത്ത ഫോട്ടോ, സാധാരണയായി ഒരു സ്മാർട്ട്‌ഫോൺ അല്ലെങ്കിൽ വെബ്‌ക്യാം ഉപയോഗിച്ച് എടുക്കുന്നത്
മറ്റൊരാളുടെ സഹായം തേടാതെ ഒരാൾക്ക് സ്വയം എടുക്കാം എന്നതാണ് സെൽഫിയുടെ മെച്ചം.
രണ്ടു തരത്തിൽ ഇതെടുക്കാം.
ഡിജിറ്റൽ ക്യാമറയോ സ്‌മാർട്ട്‌ഫോണോ
സ്വന്തം കൈയ്യിൽ പിടിച്ചോ സെൽഫി സ്റ്റിക്കിൽ ഘടിപ്പിച്ചു കൊണ്ടോ .
   Facebook, Twitter, Snapchat, Instagram തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് വഴി സോഷ്യൽ മീഡിയയിൽ പങ്കിടാനാണ് സെൽഫികൾ എടുക്കാറ്.
 പലപ്പോഴും കാഷ്വൽ ഫോട്ടോ ആയാണ് ഇത് ഗണിക്കാറ്.
 സെൽഫ്-ടൈമറോ റിമോട്ടോ ഉപയോഗിച്ച് പണ്ടും ആൾക്കാർ തങ്ങളുടെ സ്വന്തം ഫോട്ടോകൾ എടുക്കാറുണ്ട്. എന്നാൽ അതിൽ നിന്ന്  വ്യത്യസ്തമാണ് സെൽഫി ഫോട്ടോകൾ ..
 കൈയ്യുടെ   നീളത്തിൽ  ക്യാമറ  പിടിച്ച്  എടുക്കുന്ന സ്വയം പോർട്രെയിറ്റ് ഫോട്ടോകളാണ്”സെൽഫി”
ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുമ്പോൾ , പൊതു ചടങ്ങിൽ പങ്കെടുക്കുമ്പോൾ, വിശിഷ്ട വ്യക്തികൾക്കൊപ്പം കാഷ്വലായി ഫോട്ടോ എടുക്കാൻ പറ്റുന്ന സന്ദർഭങ്ങളിൽ . ഈ ഘട്ടത്തിലൊക്കെയാണ് ആൾക്കാർ സെൽഫി . എടുക്കാറ്.
  മിറർ സെൽഫിയായും  എടുക്കാം, ക്യാമറ ഒരാളുടെ മുഖത്തേക്ക് നേരിട്ട് കാണുന്നതിന് പകരം കണ്ണാടിയിലേക്ക് ചൂണ്ടിക്കൊണ്ട്, പലപ്പോഴും ശരീരം മുഴുവനായി ഷോട്ട് എടുക്കുന്ന രീതിയാണത്
സെൽഫിയും സെൽഫി എന്ന വാക്കും  പ്രചാരത്തിലായത് ഈ നൂറ്റാണ്ടിൽ ആണെങ്കിലും ആദ്യമായി റെക്കോർഡ് ചെയ്‌ത സെൽഫി 1524 ലാണ്.
അത് പക്ഷേ ഫോട്ടോ അല്ല!  ചിത്രമാണ്. പെയിന്റിംഗ്
“സെൽഫ് പോർട്രെയ്റ്റ് ഇൻ എ കോൺവെക്സ് മിറർ” എന്ന  തലക്കെട്ടിൽ, ഇറ്റാലിയൻ നവോത്ഥാന കലാകാരനായ പാർമിജിയാനിനോ  തന്നെത്തന്നെ സ്വയം വരച്ച ഒരു ചിത്രം . ഒരു കോൺവെക്സ് കണ്ണാടി ഉപയോഗിച്ച് തന്നെ നോക്കി വരയ്ക്കയായിരുന്നു അദ്ദേഹം.
 1966-ൽ ജെമിനി 12 എന്ന ബഹിരാകാശ ദൗത്യത്തിനിടെ ഭൂമിക്ക്  പുറത്തുള്ള ആദ്യത്തെ സെൽഫി എടുത്തത് മുൻ അമേരിക്കൻ ബഹിരാകാശ സഞ്ചാരി ബസ് ആൽഡ്രിനായിരുന്നു.
ആധുനിക സെൽഫിയുടെ ഉത്ഭവം പക്ഷേ ജാപ്പനീസ് കവായ്  സംസ്‌കാരത്തിൽ നിന്നാണത്രെ.
  1990-കളോടെ, ജാപ്പനീസ് സ്കൂൾ വിദ്യാർത്ഥിനികൾക്കിടയിൽ സെൽഫ്-ഫോട്ടോഗ്രഫി ഒരു പ്രധാന വിഷയമായി വികസിച്ചു, അവർ സുഹൃത്തുക്കളുമായി ഫോട്ടോകൾ എടുക്കുകയും കവായി ആൽബങ്ങളിൽ ഒട്ടിക്കാൻ കഴിയുന്ന പകർപ്പുകൾ കൈമാറുകയും ചെയ്യുമായിരുന്നു.
 അത്തരം ആൽബങ്ങൾ പ്രശസ്തി നേടിയതോടെ  ഹിരോമി തോഷികാവ എന്ന ഫോട്ടോഗ്രാഫർ പതിനേഴു പെൺകുട്ടികൾ എന്ന പേരിൽ ഒരു ഫോട്ടോ ഡയറി പ്രസിദ്ധീകരിച്ചു, അതിൽ നിരവധി സ്വയം പോസ് ചെയ്യുന്ന ഫോട്ടോകൾ ഉൾപ്പെടുത്തിയിരുന്നു.
അതിലൊന്ന്  ഒരു പെൺകുട്ടി ക്യാമറ മുന്നിൽ പിടിച്ച് എടുത്ത ഒരു പയനിയറിംഗ് സെൽഫി ആയിരുന്നു.
 1995-ൽ കാമറ  നിർമ്മാണക്കമ്പനിയായ  കാനൻ  ആ ആൽബത്തിന് അംഗീകാരം നൽകിയതോടെ ആ സെൽഫി എടുത്ത പെൺകുട്ടി  പ്രശസ്തിയിലേക്ക് ഉയർന്നു.
 1983 ൽ ഇറങ്ങിയ   Minolta Disc-7 ക്യാമറയുടെ മുൻവശത്ത് ഒരു കോൺവെക്‌സ് മിറർ ഉണ്ടായിരുന്നു, അത് സ്വയം ഫോട്ടോ എടുക്കാൻ പറ്റിയ വിധത്തിലുള്ളതായിരുന്നു
കൂടാതെ അതിന്റെ പാക്കേജിംഗിൽ അത്തരം ആവശ്യത്തിനായി ക്യാമറ ഒരു വടിയിൽ ഘടിപ്പിച്ചിരിക്കുന്നതായി കാണിക്കയും ചെയ്തിരുന്നു.ഒരു സെൽഫി സ്റ്റിക്ക്
എന്നാൽ1995-ൽ  ഉപയോഗശൂന്യമായ ജാപ്പനീസ് കണ്ടുപിടുത്തങ്ങളുടെ  പട്ടികയിലാണത് പെട്ടത്. സെൽഫി കാമറയോ സെൽഫി സ്റ്റിക്കോ ആർക്കും വേണ്ടി വരില്ല എന്നാണ് അന്ന് പലരും ധരിച്ചത്.
 അക്കാലത്ത്    “ഉപയോഗശൂന്യമായ കണ്ടുപിടിത്തം” എന്ന് തള്ളപ്പെട്ടെങ്കിലും, സെൽഫി സ്റ്റിക്ക് പിന്നീട് 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആഗോള പ്രശസ്തി നേടി.
  2014-ലെ കണക്കനുസരിച്ച്, സെൽഫി എന്ന വാക്ക് വളരെ ഇഷ്ടപ്പെട്ട വേഡ് ഗെയിമിൽ ഒന്നായി  ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
 ഇന്നിപ്പോൾ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ മാത്രം പ്രതിദിനം 93 ദശലക്ഷം സെൽഫികൾ എടുക്കുന്നുണ്ടെന്ന് Google സ്ഥിതിവിവരക്കണക്കുകൾ പറയുന്നു.  , അതായത്  ഒരു മിനിറ്റിൽ ഏകദേശം 64,583 സെൽഫി ഫോട്ടോകൾ.
ജീവനെടുക്കുന്ന സെൽഫികൾ
സാമൂഹിക മാധ്യമങ്ങളുടെ വ്യക്തിജീവിതത്തിലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റത്തിന്റെ മറ്റൊരു ദുരന്ത മുഖമായിരിക്കുകയാണ് ഇന്ന് സെല്‍ഫിഭ്രമം.സാമൂഹിക മാധ്യമങ്ങളില്‍ സെല്‍ഫി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വ്യഗ്രതപ്പെടുന്നര്‍ ഓരോ ചിത്രം കഴിയുന്തോറും മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാനായി കൂടുതല്‍ സാഹസികമായ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുകയും പലപ്പോഴും അത് അപകടം ക്ഷണിച്ചു വരുത്തുകയുമാണ്.
തന്റെ സുഹൃത്തുക്കളോ ബന്ധുക്കളോ പോസ്റ്റ് ചെയ്യുന്ന സെല്‍ഫി ചിത്രങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ മികവോടെ തന്റെ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള വെമ്ബലാണ് സ്ഥലകാല ബോധമില്ലാത്ത സെല്‍ഫി ചിത്രമെടുക്കാനുള്ള വ്യഗ്രതക്കു പിന്നില്‍. ചെല്ലുന്നിടത്തു നിന്നെല്ലാം സെല്‍ഫിയെടുത്ത് ഇന്‍സ്റ്റ, വാട്സ്‌ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം പോസ്റ്റ്ചെയ്യുന്നതില്‍ ഇത്തരക്കാര്‍ ആനന്ദം കണ്ടെത്തുന്നു.നൈമിഷികമായ ആയുസ്സ് മാത്രമേയുള്ളൂ സെല്‍ഫി ചിത്രങ്ങള്‍ക്ക്. ഒരു തവണ കണ്ടാല്‍ വീണ്ടും അത് കാണുന്നവര്‍ നന്നേ വിരളം.ഇതൊന്നും ചിന്തിക്കാതെയാണ് ഒരു ലൈക്കിനു വേണ്ടി പലരും സാഹസപ്പെടുന്നതും ജീവൻ നഷ്ടപ്പെടുത്തുന്നതും.
സെല്‍ഫിയെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരണപ്പെടുന്ന സംഭവങ്ങള്‍ സമീപകാലത്തായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.ഒരു മാസത്തിനിടെ പത്തോളം പേർക്കാണ് കേരളത്തിൽ മാത്രം ജീവൻ നഷ്ടപ്പെട്ടത്.ആത്മഹത്യ ചെയ്യുന്നതു പോലെ അഭിനയിച്ച്‌ വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ തൂങ്ങിമരിച്ചവര്‍, തലക്ക് വെടിയേറ്റവര്‍, സാഹസിക ഫോട്ടോയെടുക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തില്‍ നിന്ന് താഴെ വീണ് മരിച്ചവര്‍, വെള്ളക്കെട്ടിലും നദികളിലും വീണ് ജീവന്‍ നഷ്ടമായവര്‍, ട്രെയിന്‍ തട്ടിയും വൈദ്യുതാഘാതമേറ്റും വന്യമൃഗങ്ങളുടെ അക്രമത്തിലും മരിച്ചവര്‍ എന്നിങ്ങനെ നീളുന്നു സെല്‍ഫി ദുരന്തങ്ങള്‍…!
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു കോട്ടയത്ത് നിന്ന് കര്‍ണാടകയിലേക്ക് വിനോദ യാത്രക്ക് പോയ ഏറ്റുമാനൂര്‍ മംഗളം കോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ മണിപ്പാല്‍ മാല്‍പെ ബീച്ചില്‍ ശക്തമായ തിരയില്‍ അകപ്പെട്ട് മുങ്ങി മരിച്ചത്.അവസാന വര്‍ഷ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ കോട്ടയം കുഴിമറ്റം ചേപ്പാട്ട് പറമ്ബില്‍ അമല്‍ സി അനില്‍, പാമ്ബാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി, ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയി എന്നിവര്‍ കടലിലിറങ്ങി കൈകോര്‍ത്ത് സെല്‍ഫിയെടുക്കുന്നതിനിടെയാണ് തിരയില്‍ അകപ്പെട്ടത്.
ഇന്നലെ മധ്യപ്രദേശിലെ ഛത്തർപൂർ റയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട എഞ്ചിന് മുകളിൽ കയറി സെൽഫിയെടുക്കവേ വൈദ്യുതാഘാതമേറ്റ് മരിച്ച 17 കാരൻ, ഇന്നലെത്തന്നെ തമിഴ്നാട്ടിലെ താമ്പരത്ത് റയിൽപ്പാളത്തിൽ നിന്നും സെൽഫിയെടുക്കവേ ട്രെയിൻ തട്ടി മരിച്ച 23 കാരൻ…മഹാരാഷ്ട്രയില്‍ ബീഡ് ജില്ലയിലെ കവാഡ് ഗ്രാമത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ യുവ ദമ്ബതികളായ സിദ്ദീഖ് പത്താന്‍ ശൈഖ്, ഭാര്യ താഹ ശൈഖ് (20), സുഹൃത്ത് ഷഹാബ് എന്നിവര്‍ പുഴയില്‍ വീണു മരിച്ചത് ഒരാഴ്ച മുമ്ബാണ്.ദമ്ബതികളാണ് ആദ്യം പുഴയില്‍ വീണത്.അവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സുഹൃത്തും മരിച്ചു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഇടുക്കിയിലേക്ക് വിനോദ യാത്ര പോയ വാഴക്കാല നവനിര്‍മാന്‍ പബ്ലിക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ഇഷാ ഫാത്തിമ എന്ന പതിനേഴുകാരി അഞ്ചുരുളി ജലാശയത്തില്‍ വീണുമരിച്ചത്……
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ ഒരേ സമയം പതിനൊന്ന് പേരുടെ ജീവന്‍ ഒന്നിച്ചാണ് സെല്‍ഫിഭ്രമം കവര്‍ന്നത്.കനത്ത മഴയത്ത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആമേര്‍ കൊട്ടാരത്തിന് മുന്നിലെ വാച്ച്‌ ടവറില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റും മിന്നലില്‍ നിന്ന് രക്ഷപ്പെടാന്‍ താഴേക്ക് ചാടിയപ്പോള്‍ ഉണ്ടായ പരുക്കിലുമാണ് വിനോദ സഞ്ചാരികളായ പതിനൊന്ന് പേര്‍ മരണപ്പെട്ടത്. സെൽഫിയിലൂടെ സെൽഫായും കൂട്ടമായും ജീവിതം ഹോമിക്കുന്നവരുടെ കണക്കുകൾ നീളുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: