NEWS

വർഷങ്ങൾ ഇരുന്നാലും പശ അവയുടെ ബോട്ടിലിന്റെ ഉള്ളിൽ ഒട്ടിപ്പിടിക്കാത്തത് എന്തുകൊണ്ട്?

ശ അതിന്റെ കുപ്പിയിൽ അടച്ചിരിക്കുമ്പോൾ അതേപോലെതന്നെ തുടരുകയും, എന്നാൽ അൽപമൊന്നു പുറത്തെടുത്താൽ അപ്പോൾ തന്നെ കട്ടപിടിക്കുകയും ചെയ്യുന്ന അവസ്ഥ കാണാറുണ്ടല്ലോ. എന്നാൽ എല്ലാറ്റിനെയും ഒട്ടിക്കുന്ന പശ എന്താണ് വർഷങ്ങൾ ഇരുന്നാലും അവയുടെ ബോട്ടിലിന്റെ ഉള്ളിൽ ഒട്ടിപ്പിടിക്കാത്തത്?
ഇതിന്റെ പിന്നിലെ കാരണക്കാരൻ മറ്റാരുമല്ല, നമ്മുടെ വെള്ളം തന്നെയാണ്. സാധാരണയുള്ള പശകൾ എല്ലാം ഉണ്ടാക്കിയിരിക്കുന്നത് വിവിധങ്ങളായ രാസവസ്തുക്കളും പോളിമറുകളും ഉപയോഗിച്ചാണ്. പശിമയുള്ളതും നീണ്ടുകിടക്കുന്നതുമായ പോളിമറുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. പശ നിർമാതാക്കൾ ഏറ്റവും ഉപയോഗപ്രദമായ പോളിമറുകൾ തിരഞ്ഞെടുത്താണ് അവരവരുടെ കമ്പനിയുടെ ഉൽപന്നങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്.
ഇനി ഇതിന്റെ ശാസ്ത്രത്തിലേക്ക് വരാം. വെള്ളമാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാരണമെന്ന് പറഞ്ഞല്ലോ. വെള്ളമാണ് ഇവിടെ ലായകമായി പ്രവർത്തിക്കുന്നതും നമുക്കാവശ്യമുള്ള സമയം വരെ പശയെ ദ്രാവകരൂപത്തിൽ നിലനിർത്തുന്നതും. ഒരു പേപ്പർ ഒട്ടിക്കാനായി നാം അതിലേക്ക് പശ പുരട്ടുമ്പോൾ അത് വായുവുമായി സമ്പർക്കത്തിലാവുന്നു. അതുവഴി അതിലെ വെള്ളം ബാഷ്പീകരിക്കപ്പെടുകയും വെള്ളം നഷ്ടപ്പെടുന്നതോടെ പശ വരണ്ടുണങ്ങുകയും ചെയ്യുന്നു. അങ്ങനെ പശിമയുള്ള പോളിമറുകൾ അവശേഷിക്കുകയും അവ ഒട്ടിക്കുന്ന ധർമം നിർവഹിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയ്ക്ക് ‘മെക്കാനിക്കൽ അഡ്‌ഹീഷൻ’ (Mechanical Adhesion) എന്നാണ് പറയുന്നത്.
ഇനി വളരെവേഗം ഒട്ടുന്ന സൂപ്പർ ഗ്ലൂവിന്റെ കാര്യമെടുക്കാം. അതിന്റെ ശാസ്ത്രം അൽപം വ്യത്യസ്തമാണ്. അവയിൽ സാധാരണ പോളിമറുകൾക്കുപകരം സയാനോഅക്രിലേറ്റ് (Cyanoacrylate) എന്ന രാസപദാർഥമാണ് അടങ്ങിയിരിക്കുന്നത്. അവ അന്തരീക്ഷത്തിലെ നീരാവിയുമായി പ്രവർത്തിച്ചുകൊണ്ടാണ് കട്ടപിടിക്കുന്നത്. എത്രതന്നെ വരണ്ട അന്തരീക്ഷം ആണെങ്കിൽപോലും അൽപമെങ്കിലും നീരാവിയുടെ അംശം അവിടെ ഉണ്ടാകും. അതുമതി ഇവയ്ക്ക് പ്രവർത്തിക്കാൻ. ഈ പ്രക്രിയയ്ക്ക് കെമിക്കൽ  അഡ്‌ഹീഷൻ’ (Chemical Adhesion) എന്ന് പറയുന്നു.
അതുകൊണ്ട് സൂപ്പർ ഗ്ലൂവിന്റെ കണ്ടെയ്‌നറുകൾ നന്നായി അടച്ചു സൂക്ഷിച്ചില്ലെങ്കിൽ അവ കട്ടപിടിച്ചു ഉപയോഗശൂന്യമാകാനും  സാധ്യതയുണ്ട്.

Back to top button
error: