തിരുവനന്തപുരം: താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച് ഫിലിം ചേംബര്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരിച്ച് നടന്‍ പൃഥ്വിരാജ്. ഒരു നടന്റെ പ്രതിഫലം കൂടുതലാണെന്ന് തോന്നിയാല്‍ അയാളെ വച്ച് സിനിമ ചെയ്യേണ്ടെന്ന് നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് പൃഥ്വിരാജ് പറഞ്ഞു. താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം മലയാള സിനിമയ്ക്ക് വലിയ ബാധ്യത സൃഷ്ടിക്കുന്നു എന്നായിരുന്നു ഫിലിം ചേമ്പറിന്റെ വിമര്‍ശനം.
അതേസമയം നടനെ നിര്‍മാണത്തില്‍ പങ്കാളിയാക്കിുന്നത് നല്ലതാണെന്ന് പലപ്പോഴും തനിക്ക് തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന് അനുസരിച്ച് പ്രതിഫലം നല്‍കുക. താന്‍ പരമാവധി സിനിമകള്‍ അങ്ങനെയാണ് ചെയ്യാറെന്നും പൃഥ്വി പറഞ്ഞു.
നടിമാര്‍ക്കും നടന്‍മാര്‍ക്കും തുല്യവേതനം നല്‍കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടും പൃഥ്വിരാജ് പ്രതികരിച്ചു. സ്ത്രീകള്‍ക്ക് തുല്യവേതനത്തിനുള്ള അര്‍ഹതയുണ്ട്. എന്നാല്‍ അതില്‍ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ഞാന്‍ രാവണ്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലമല്ല ലഭിച്ചത്. എനിക്ക് കുറവാണ് ലഭിച്ചത്. താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുന്നത്.
ഒരു നടന്‍ അല്ലെങ്കില്‍ നടി അവരുടെ സാന്നിധ്യം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്നതാണ് അവിടെ പരിഗണിക്കുന്നത്. നടീനടന്‍മാരും അങ്ങനെയാണ് ചോദിക്കുന്നത്. മലയാളത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യരാണെന്നാണ് എന്റെ അറിവ്. മഞ്ജുവും ഒരു പുതുമുഖ നടനും ഒരുമിച്ചാണ് അഭിനയിക്കുന്നതെന്ന് മഞ്ജുവിനായിരിക്കും കൂടുതല്‍ പ്രതിഫലം നല്‍കുക- പൃഥ്വിരാജ് പറഞ്ഞു.